ധർമ്മസ്ഥല ദുരൂഹമരണങ്ങൾ: ഇതുവരെ നൂറിലേറെ അസ്ഥികൾ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

ധർമ്മസ്ഥല ദുരൂഹമരണങ്ങൾ: ഇതുവരെ നൂറിലേറെ അസ്ഥികൾ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

മംഗളുരു: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ടെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഇതുവരെ നൂറിലധികം അസ്ഥികൾ കണ്ടെടുത്തു. മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്. ആറാം നമ്പർ, പതിനൊന്നാം നമ്പർ സൈറ്റുകളിൽ നിന്നാണ് പ്രധാനമായും അസ്ഥികൂടങ്ങൾ കണ്ടെത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.

വിവിധ സൈറ്റുകളിൽനിന്ന് കണ്ടെടുത്ത അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാൽ മാത്രമേ കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. മൊത്തം 15 സൈറ്റുകളാണ് അന്വേഷണ സംഘം പരിശോധനയ്ക്കായി അടയാളപ്പെടുത്തിയിരുന്നത്. ഇതിൽ 12, 13 സൈറ്റുകളിൽ മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. ആവശ്യമെങ്കിൽ തിരച്ചിൽ വ്യാപിപ്പിക്കുമെന്നും SIT വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ തന്നെ നിർബന്ധിച്ചുവെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. 1998നും 2014നും ഇടയിൽ നടന്ന ഈ സംഭവങ്ങളിൽ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിലൊരാളുടെ അഭിഭാഷകൻ, പതിനൊന്നാം നമ്പർ സൈറ്റിൽനിന്ന് കുറഞ്ഞത് മൂന്ന് മനുഷ്യാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഒരു കുന്നിൻ മുകളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഈ അവശിഷ്ടങ്ങളിൽ ഒരെണ്ണം സ്ത്രീയുടേതാണെന്നും, സമീപത്തുനിന്ന് ഒരു സാരിയും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇങ്ങനെയൊരു കണ്ടെത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളിലെയും ദുരൂഹ മരണങ്ങളെക്കുറിച്ച് നേരത്തെയും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഈ വിഷയത്തിൽ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്യുന്നത്. ഈ സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Mysterious deaths in Dharmasthala: Over 100 bones found; investigation underway

Share Email
Top