കർണ്ണാടകയിലെ പ്രശസ്തമായ ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരു ത്രില്ലർ സിനിമയുടെ തിരക്കഥ പോലെ ആകുകയാണ്. ഈ സംഭവങ്ങൾ സങ്കീർണ്ണവും അപ്രതീക്ഷിതവുമായ വഴിത്തിരിവുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും അതിനെതിരെയുള്ള പ്രതിരോധങ്ങളും പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു.
1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തല്‍. ഇതില്‍ മിക്കവരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും ബലാത്സംഗത്തിനിരയായാണ് പലരും കൊല്ലപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.
അതേസമയം, കർണാടകത്തിലെ ധർമസ്ഥലയിൽ നടന്ന ദുരൂഹമരണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പുതിയ വഴിത്തിരിവിൽ. ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നു മുൻ ശുചീകരണത്തൊഴിലാളി പറഞ്ഞത് കള്ളമാണെന്നാണ് ഇയാളുടെ മുൻ സഹായി രാജു എന്നയാളുടെ തുറന്നുപറച്ചിൽ. എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചത് നിയമാനുസൃതമാണെന്നു രാജു പറയുന്നു. ഡോക്ടർമാരുടെയും പോലീസിൻറെയും സാന്നിധ്യത്തിലാണ് നടപടികളെല്ലാം മുന്നോട്ടു പോയത്. നടപടിക്രമങ്ങളുടെ ഭാഗമായാണ് 50 മുതൽ 500 രൂപ വരെ ഈടാക്കിയിരുന്നത്. അതൊന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയല്ല. മുഖം മൂടിയ ആൾ മനഃപൂർവം മറ്റ് സ്ഥലങ്ങൾ തെരച്ചിലിനായി കാട്ടിക്കൊടുക്കുകയായിരുന്നു. സാന്പത്തിക ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും രാജു പറഞ്ഞു. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ ആരോപണങ്ങളും രാജു നിഷേധിച്ചു.
അതേസമയം, നേത്രാവതി നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്. ധര്‍മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിവരുന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനം. കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതുവരെ ധര്‍മസ്ഥലയില്‍ കുഴിയെടുത്തുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കാൻ അന്വേഷണസംഘം തീരുമാനിച്ചതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. ധര്‍മസ്ഥലയില്‍ പരിശോധന നടത്തിയ സ്ഥലങ്ങളില്‍നിന്ന് എന്തെങ്കിലും ഡിഎന്‍എ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. രാസപരിശോധനയിലും മറ്റും മനുഷ്യന്റെ ഡിഎന്‍എ സാമ്പിളുകളോ തെളിവുകളോ കണ്ടെത്താനായാല്‍ അന്വേഷണം വ്യത്യസ്തമായ വഴിയിലൂടെ മുന്നോട്ടുപോകുമെന്നും ഇതെല്ലാം തീരുമാനിക്കാന്‍ എസ്‌ഐടിക്ക് അനുവാദമുണ്ടെന്നും സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണവും വെളിപ്പെടുത്തലുകളും
50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ സംശയത്തിലാക്കുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളാണ് തെരച്ചിലിന് തടസ്സമാകുന്നതെന്നും മുൻ ശുചീകരണത്തൊഴിലാളി പറയുന്നു. മണ്ണൊലിപ്പ്, പാറക്കെട്ടുകൾ, വനവളർച്ച എന്നിവ കാരണം സ്ഥലങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താൻ ഉൾപ്പെടെ നാലുപേരാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉണ്ടായിരുന്നതെന്നും, കൂടുതൽ അന്വേഷണങ്ങൾക്കായി മറ്റുള്ളവരെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വിവിധ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഇന്ത്യ ടുഡേ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങൾ നൂറോളം അസ്ഥികളും തലയോട്ടികളും കണ്ടെത്തി എന്ന് പറയുമ്പോൾ, കന്നഡ മാധ്യമങ്ങൾ ഒരു അസ്ഥി പോലും കിട്ടിയിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ വൈരുധ്യം സംഭവത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു.
ആരോപണങ്ങളും പ്രതിവാദങ്ങളും
ധർമ്മസ്ഥലയിലെ ധർമ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് എതിരെയാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആരോപണങ്ങൾ. എന്നാൽ തനിക്ക് ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ, ഭരണകക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷമായ ബി.ജെ.പിയും ഹെഗ്‌ഡെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഈ ആരോപണങ്ങൾക്ക് പിന്നിൽ കേരള സർക്കാരിന്റെ കൈകളുണ്ടെന്ന് കർണ്ണാടക പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിക്കുന്നു.
വിശ്വാസി കൂട്ടായ്മകൾ ഈ ആരോപണങ്ങളെ ശക്തമായി എതിർക്കുന്നു. ഇവയെല്ലാം കെട്ടുകഥകളാണെന്നും ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അവർ പറയുന്നു. 2003-ൽ കാണാതായെന്ന് പറയുന്ന അനന്യ ഭട്ട് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ കഥ പോലും വ്യാജമാണെന്ന് അവർ വാദിക്കുന്നു. സുജാത ഭട്ട് എന്ന സ്ത്രീയാണ് അനന്യയുടെ അമ്മയായി രംഗത്തെത്തിയത്. എന്നാൽ, സി.ബി.ഐ സ്റ്റെനോഗ്രാഫറാണെന്ന അവരുടെ അവകാശവാദം വ്യാജമാണെന്നും അനന്യ ഭട്ട് എന്ന പേരിൽ മണിപ്പാൽ മെഡിക്കൽ കോളേജിൽ ആരും പഠിച്ചിട്ടില്ലെന്നും വിശ്വാസികൾ പറയുന്നു. അനന്യയുടെ ജനനത്തെയും പഠനത്തെയും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സുജാതയ്ക്ക് സാധിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
പ്രശ്‌നങ്ങളിൽ ഒരു ലോറിക്കാരന്റെ പങ്ക്
ഈ സംഭവങ്ങളെ കൂടുതൽ സജീവമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് മനാഫ് എന്ന ലോറി ഉടമയാണെന്നാണ് ആരോപിക്കപ്പെടുന്നത്. അദ്ദേഹം ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗം എന്ന നിലയിൽ ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ താൽപ്പര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായ അനന്യ ഭട്ടിന്റെ ഫോട്ടോ ചോദിച്ചപ്പോൾ മറുപടി പറയാൻ മനാഫിന് കഴിഞ്ഞില്ലെന്നും, സുജാത ഭട്ട് തന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുൻപ് മറ്റ് കേസുകളിൽ ഇതേ രീതിയിൽ ഇടപെട്ട ശേഷം പിന്മാറിയ ചരിത്രവും അദ്ദേഹത്തിനുണ്ടെന്ന് ചിലർ ആരോപിക്കുന്നു.
വിശ്വാസികളും ഭൂമാഫിയയും
ഈ പ്രശ്നങ്ങൾക്ക് പിന്നിൽ കേരള സർക്കാരിന്റെ കൈകളും ഭൂമാഫിയയുമാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു. ധർമ്മസ്ഥലയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും, മനാഫ് ഒരു ഭൂമാഫിയയുടെ ഭാഗമാണെന്നും അവർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി ധർമ്മസ്ഥലയ്ക്കും ധർമ്മാധികാരിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കർണ്ണാടകയിൽ ഉടനീളം ഭക്തജന കൂട്ടായ്മകൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
Mysterious deaths in Dharmasthala: Investigation at a turning point; Will the plaintiff finally be the accused?