ചന്ദ്രനില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കാനൊരുങ്ങി നാസ

ചന്ദ്രനില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കാനൊരുങ്ങി നാസ

വാഷിംഗ്ടൺ: ചന്ദ്രനില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ നാസ വേഗത്തിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2030-ഓടുകൂടി ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനില്‍ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചന്ദ്രനില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കുന്നത്.

ചന്ദ്രനിലെ ആണവ റിയാക്ടര്‍ പദ്ധതി വേഗത്തിലാക്കാന്‍ നാസയുടെ താത്കാലിക മേധാവിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി സീന്‍ ഡഫി ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. 100 കിലോവാട്ട് ഊര്‍ജമെങ്കിലും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന റിയാക്ടര്‍ ചന്ദ്രനില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രൊപ്പോസലുകള്‍ ക്ഷണിക്കാന്‍ ഡഫി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍പറയുന്നു.

റഷ്യയും ചൈനയും ഇന്ത്യയും ജപ്പാനുമടക്കം വിവിധ രാജ്യങ്ങള്‍ക്ക് ചന്ദ്രനില്‍ ആണവറിയാക്ടര്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. ഈ രാജ്യങ്ങളെല്ലാം സജീവമായ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളിലാണ്. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനും ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. 2035 ഓടെ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനാണ് ചൈനയും റഷ്യയും പദ്ധതിയിടുന്നത്.

അതേസമയം നാസയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികള്‍ക്കിടെ നാസയ്ക്ക് എങ്ങനെ ചന്ദ്രനിലെ ആണവ റിയാക്ടര്‍ ഉള്‍പ്പടെയുള്ള വന്‍ പദ്ധതികള്‍ നടപ്പിലാക്കാനാവുമെന്ന സംശയം ഉയരുന്നുണ്ട്. അടുത്ത വര്‍ഷത്തെ നാസയുടെ ബജറ്റില്‍ നിന്ന് 24 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ആര്‍ട്ടെമിസ് ദൗത്യങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്ന നീക്കമാണിത്.

നാസ ചന്ദ്രനിലെ ആണവ റിയാക്ടറിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇത് ആദ്യമായല്ല. 2022 ല്‍ 50 ലക്ഷം ഡോളറിന്റെ കരാറുകള്‍ ചില കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

NASA is preparing to accelerate plans to build a nuclear reactor on the moon

Share Email
LATEST
More Articles
Top