ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ‘ജവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയായി റാണി മുഖർജിയെയാണ് തിരഞ്ഞെടുത്തത്. ‘ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിക്ക് ഈ അംഗീകാരം ലഭിച്ചത്.
മലയാള സിനിമയ്ക്കും ഇത്തവണ അഭിമാനിക്കാവുന്ന നേട്ടങ്ങളുണ്ട്. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയരാഘവനാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എം.കെ. രാംദാസ് സംവിധാനം ചെയ്ത ‘നേക്കൽ’ എന്ന മലയാള ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
മറ്റ് പ്രധാന പുരസ്കാരങ്ങൾ:
- മികച്ച സംവിധായകൻ: സുദീപ്തോ സെൻ (ദി കേരള സ്റ്റോറി – ഹിന്ദി)
- മികച്ച ചിത്രസംയോജനം: മിഥുൻ മുരളി (പൂക്കാലം – മലയാളം)
- മികച്ച പിന്നണി ഗായിക: ശിൽപാ റാവു (ജവാൻ – ഹിന്ദി)
- മികച്ച പിന്നണി ഗായകൻ: പി.വി.എൻ.എസ്. രോഹിത് (ബേബി – തെലുങ്ക്)
- മികച്ച ബാലതാരം: സുകൃതി വേണി ബംഗ്രാദേദി (തെലുങ്ക്), ജിപ്സി (മറാത്തി), നാൾ 2 (മറാത്തി)
- മികച്ച തിരക്കഥ: സായി രാജേഷ് നീലം (ബേബി – തെലുങ്ക്), രാംകുമാർ ബാലകൃഷ്ണൻ (പാർക്കിങ് – തമിഴ്)
- മികച്ച മേക്കപ്പ്: ശ്രീകാന്ത് ദേശായി (ശ്യാം ബഹദൂർ – ഹിന്ദി)
- മികച്ച വസ്ത്രാലങ്കാരം: ശ്യാം ബഹദൂർ എന്ന സിനിമയ്ക്ക്
- മികച്ച സംഗീത സംവിധാനം: ജി.വി. പ്രകാശ് (വാത്തി – തമിഴ്)
- മികച്ച പശ്ചാത്തല സംഗീതം: ഹർഷവർധൻ രാമേശ്വരൻ (ആനിമൽ – ഹിന്ദി)