ന്യൂഡൽഹി: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ കാനഡയിൽ പുതിയ സ്ഥാനപതിയെ നിയമിച്ചു. മുതിർന്ന ഐ.എഫ്.എസ്. (ഇന്ത്യൻ ഫോറിൻ സർവീസ്) ഉദ്യോഗസ്ഥനായ ദിനേഷ് കെ. പട്‌നായിക് ആയിരിക്കും ഇനി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ. 1990 ബാച്ചിലെ ഉദ്യോഗസ്ഥനായ പട്‌നായിക് നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം അദ്ദേഹം ഉടൻതന്നെ കാനഡയിൽ ചുമതലയേൽക്കും.
പശ്ചാത്തലം
2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നായിരുന്നു ഇത്. തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾക്കിടെ 2024 ഒക്ടോബറിൽ ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ പിൻവലിച്ചിരുന്നു.
പുതിയ കനേഡിയൻ പ്രധാനമന്ത്രിയായി മാർക് കാർണി അധികാരമേറ്റതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ദിനേഷ് കെ. പട്‌നായികിന്റെ നിയമനം നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന നീക്കമായി വിലയിരുത്തപ്പെടുന്നു.
India appoints new ambassador to Canada: Dinesh K. Patnaik to take charge