ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കാനുള്ള ചർച്ചകളിലേക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉൾപ്പെടെയുള്ള പ്രതിനിധികളെ അയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. അനുരഞ്ജന ചർച്ചകൾ ബന്ധപ്പെട്ട കുടുംബങ്ങൾക്കിടയിൽ മാത്രമാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആറംഗ മധ്യസ്ഥ സംഘത്തെ അയക്കാൻ അനുമതി തേടിയപ്പോഴാണ് കേന്ദ്രത്തിന്റെ ഈ പ്രതികരണം.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദങ്ങളെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ഓഫീസ് വധശിക്ഷ റദ്ദാക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ, കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. സുവിശേഷകൻ ഡോ. കെ.എ. പോൾ ഈ അവകാശവാദങ്ങളെ വിമർശിക്കുകയും, വധശിക്ഷ റദ്ദാക്കിയെന്ന് ഉറപ്പിച്ചു പറഞ്ഞതിന് കാന്തപുരം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
2017-ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളി നഴ്സായ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തലാൽ പാസ്‌പോർട്ട് പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം. തലാലിന് അമിതമായി മരുന്ന് നൽകി, മൃതദേഹം വീടിന്റെ മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാദങ്ങൾ കേന്ദ്ര സർക്കാർ പലതവണ നിഷേധിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.