തിരുവനന്തപുരം : മലയാളം സിനിമാ സംവിധായകൻ നിസാർ (65) അന്തരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് സമീപം തൃക്കൊടിത്താനത്തുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 25-ഓളം സിനിമകൾ നിസാർ സംവിധാനം ചെയ്തിട്ടുണ്ട്. 1994-ൽ പുറത്തിറങ്ങിയ ‘സുദിനം‘ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ‘അച്ഛൻ രാജാവ് അപ്പൻ ജേതാവ്’ (1995), ‘ന്യൂസ്പേപ്പർ ബോയ്’ (1997),’അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്’ (1998), ‘വർണ്ണക്കാഴ്ചകൾ’ (2000),’നഖചിത്രങ്ങൾ‘ (2002) എന്നിവയാണ് പ്രധാന സിനിമകൾ.
അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം ‘ടു മെൻ ആർമി’ ആണ്. ചലച്ചിത്ര മേഖലയിലെ പല പ്രമുഖരും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ ഒരു സംവിധായകനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടമായത്.