ദില്ലി : അമേരിക്ക-ഇന്ത്യ വ്യാപാര തർക്കത്തിന്റെ പശ്ചാത്തലത്തിൽ, നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) നടത്താനിരുന്ന ഗ്രാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ റദ്ദാക്കി. സെപ്തംബർ 12-14 തീയതികളിൽ ലിങ്കൺ സെന്ററിലെ ഡാംറോഷ് പാർക്കിലെ ഇന്ത്യാ വീക്കെൻഡിന്റെ ഭാഗമായി പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റദ്ദാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് യുദ്ധം വ്യാപാരത്തിനും രാഷ്ട്രീയത്തിനും അപ്പുറം സാംസ്കാരിക മേഖലകളിലേക്കും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത മാറ്റം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനിടെയുള്ള പരിപാടികൾ അന്താരാഷ്ട്ര തർക്കത്തിന്റെ ഭാഗമാകുന്നുവെന്നാണ് വിവരം.
ലോകപ്രശസ്ത കലാകാരന്മാരും സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ എന്നിവരുൾപ്പെടെയുള്ള പ്രമുഖ കായിക താരങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.