വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ബെൽജിയം കോടതി വീണ്ടും തള്ളി

വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ബെൽജിയം  കോടതി വീണ്ടും തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ബെൽജിയത്തിലെ അപ്പീൽ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിധി.

ഇന്ത്യയിലെ വലിയ സാമ്പത്തിക തട്ടിപ്പിന് ശേഷം രാജ്യം വിട്ട ചോക്സി പലതവണ ഒളിവിൽ പോയെന്നും, ജാമ്യം ലഭിച്ചാൽ ബെൽജിയത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന സിബിഐ ബെൽജിയം കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.

സിബിഐയുടെ അപേക്ഷയെത്തുടർന്നാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തെയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മെഹുൽ ചോക്സിക്കെതിരെ അഴിമതി വിരുദ്ധ നിയമങ്ങൾക്കു പുറമെ വഞ്ചന, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ബെൽജിയത്തിലെ അന്വേഷണ സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

Share Email
LATEST
More Articles
Top