ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ യുഎസിനെ സമീപിച്ചിരുന്നുവെന്ന വാദത്തിൽനിന്ന് മലക്കംമറിഞ്ഞ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. പഹൽഗാമിലെ ഭീകരാക്രമണത്തിന് പ്രതികാരമെന്നോണം ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാൻ കനത്ത തിരിച്ചടി നേരിട്ടിരുന്നു. നൂർ ഖാൻ എയർബെയ്സ് അടക്കം പാക്കിസ്ഥാന്റെ തന്ത്രപ്രധാന വ്യോമകേന്ദ്രങ്ങളായിരുന്നു ഇന്ത്യ തകർത്തത്.
ഇതോടെ, പാക്കിസ്ഥാൻ ഇന്ത്യയോട് വെടിനിർത്തലിനായി അപേക്ഷിക്കുകയും ഇന്ത്യ അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, താനാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതെന്ന വാദവുമായി ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനെ പാക്കിസ്ഥാൻ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പാക് സൈനിക മേധാവി അസിം മുനീറും ഇതിനെ പിന്തുണയ്ക്കുകയും ട്രംപിനെ നോബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.
ഈ വാദത്തിൽ നിന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ മലക്കംമറിഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ വേളയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയെ പാക്കിസ്ഥാൻ ബന്ധപ്പെട്ടിരുന്നുവെന്ന് പറഞ്ഞ ഇഷാഖ് ദർ, അതു വെടിനിർത്തലിനുവേണ്ടി ഇടപെടണമെന്ന് അഭ്യർഥിക്കാനായിരുന്നില്ലെന്ന് വ്യക്തമാക്കി. പാക്കിസ്ഥാൻ സ്വയം വെടിനിർത്തൽ നടപടികളിലേക്ക് കടക്കുന്നതായി യുഎസിനെ അറിയിക്കുകയായിരുന്നു.
പാക്കിസ്ഥാൻ നിലപാട് മാറ്റിയതോടെ, ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദവും പൊളിയുകയാണ്. യുഎസിനെ എന്നല്ല ഒരു രാജ്യത്തോടും മധ്യസ്ഥതയ്ക്കായി പാക്കിസ്ഥാൻ സമീപിച്ചിട്ടില്ലെന്നും ഇഷാഖ് ദർ പാക്കിസ്ഥാനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്ക് പാക്കിസ്ഥാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, കശ്മീർ, സാംസ്കാരികം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്നാണ് പാക്കിസ്ഥാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
No country has been approached for mediation: Pakistan Foreign Minister refutes Trump’s claim