തിരുവനന്തപുരം : ലൈംഗീക ആരോപണവുമായി ബന്ധപ്പെട്ട്കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം തുടരുന്നു. വനിതാ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ രാജിവച്ചിരുന്നു. എന്നാൽ എം.എൽ.എ. സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് തിരിച്ചടിയായേക്കാമെന്നും കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. പാലക്കാട് സീറ്റിൽ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാൻ ഇത് അവസരമൊരുക്കിയേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
അതേസമയം, രാഹുലിനെതിരെ ലൈംഗികാരോപണങ്ങളും ഫോൺ സംഭാഷണങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹം എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ രാജി ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ഇവർ പറയുന്നു.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കില്ലെന്നും പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനാണ് ആലോചിക്കുന്നതെന്നുമാണ് നിലവിലെ വിവരം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസിൽ നിയമപരമായി മുന്നോട്ട് പോകാനും നിരപരാധിത്വം തെളിയിക്കാനുമാണ് രാഹുലിന്റെ തീരുമാനം.