പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, ദേശീയപാത അതോറിറ്റിയുടെ ഹർജി സുപ്രീം കോടതി തള്ളി

പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല,  ദേശീയപാത അതോറിറ്റിയുടെ ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി∙ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ നൽകണമെന്ന ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. റോഡിന്റെ മോശം അവസ്ഥയിലും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിലും ടോൾ ഈടാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

പാലിയേക്കരയിൽ 12 മണിക്കൂറാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ട്രാഫിക് ഇല്ലാത്തപ്പോൾ ഒരു മണിക്കൂർ കൊണ്ട് സഞ്ചരിക്കേണ്ട ദൂരമാണിത്. എന്നിട്ടും 150 രൂപ ടോൾ നൽകുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ. വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചോദിച്ചു. ദേശീയപാത അതോറിറ്റിയുടെ നിസ്സംഗതയെയും കോടതി വിമർശിച്ചു.

ഹൈക്കോടതി വിധി കാരണം പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടു. എന്നാൽ, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അടിപ്പാത നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

Share Email
Top