ന്യൂയോർക്ക്: ന്യൂറാലിങ്കിന്റെ ഹ്യൂമന്‍ ബ്രെയിന്‍ ചിപ്പ് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ആദ്യ പരീക്ഷണത്തില്‍ പങ്കെടുത്ത നോലന്‍ഡ് ആര്‍ബോ. ചിപ്പ് ഇംപ്ലാന്റ് തനിക്ക് സ്വാതന്ത്ര്യത്തിന്റെയും ബന്ധങ്ങളുടെയും ഒരു പുതിയ ജീവിതം നല്‍കിയെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ശരീരം ചലിപ്പിക്കാന്‍ കഴിയില്ല, പക്ഷേ മനസിനെ ചലിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ചിന്തകളുടെ സഹായത്തോടെ മാത്രം കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനും ചെസ് കളിക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്ന് ആർബോ വെളിപ്പെടുത്തി. ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ കമ്പനിയുടെ ആദ്യത്തെ ഹ്യൂമന്‍ ബ്രെയിന്‍ ചിപ്പ് സ്വീകര്‍ത്താവായ ആര്‍ബോ വീല്‍ചെയറില്‍ വേദിയിലെത്തിയാണ് കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഈ പരീക്ഷണം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് വിശദീകരിച്ചത്.
2016-ല്‍ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തോളിന് താഴേക്ക് തളര്‍ന്നുപോയ വ്യക്തിയാണ് ആര്‍ബോ. 2024-ന്റെ തുടക്കത്തില്‍ ന്യൂറാലിങ്കിന്റെ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇംപ്ലാന്റ് സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി ആര്‍ബോ മാറി. ശസ്ത്രക്രിയയ്ക്കുശേഷം തന്റെ ചിന്തകളുടെ സഹായത്തോടെ മാത്രം കമ്പ്യൂട്ടര്‍ കഴ്സര്‍ നിയന്ത്രിക്കാനും ചെസ് കളിക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നാഡീസംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും ചലനശേഷി പുനഃസ്ഥാപിക്കുന്നതിനും മനുഷ്യ-എഐ സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിനും ഉപയോഗിക്കാവുന്ന ബ്രെയിന്‍ ഇംപ്ലാന്റുകള്‍ വികസിപ്പിക്കുക എന്ന ആശയത്തോടെ ഇലോണ്‍ മസ്‌ക് സ്ഥാപിച്ചതാണ് ന്യൂറാലിങ്ക്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആര്‍ബോയുടെ പുരോഗതി കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തിലെത്താന്‍ ന്യൂറാലിങ്ക് ധാര്‍മ്മികത, സുരക്ഷ, നിയമപരമായ തടസ്സങ്ങള്‍ എന്നിവ സംബന്ധിച്ച് ധാരാളം സൂക്ഷ്മപരിശോധനകള്‍ നേരിട്ടിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുത്ത ഇലോണ്‍ മസ്‌ക് ആര്‍ബോയുടെ ധൈര്യത്തെയും ടീമിന്റെ പ്രവര്‍ത്തനത്തെയും പ്രശംസിച്ചു. രണ്ടാമത്തെ ഹ്യൂമന്‍ ട്രയലിന്റെ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഇപ്പോള്‍. ഇംപ്ലാന്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും അവര്‍ ലക്ഷ്യമിടുന്നുണ്ട്. 2024 ജനുവരിയില്‍, ഫീനിക്‌സിലെ ബാരോ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ന്യൂറാലിങ്കിന്റെ പരീക്ഷണാത്മക ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് നോലന്‍ഡ് ആര്‍ബോ വിധേയനായത്. രണ്ട് മണിക്കൂറില്‍ താഴെ മാത്രമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് നാണയത്തിന്റെ വലുപ്പമുള്ള ചിപ്പ് അദ്ദേഹത്തിന്റെ തലച്ചോറില്‍ സ്ഥാപിക്കുകയും ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ മോട്ടോര്‍ കോര്‍ട്ടക്‌സിലെ ന്യൂറോണുകളിലേക്ക് 1,000-ത്തിലധികം ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുകയും ചെയ്തു. ഈ ഉപകരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഡിജിറ്റല്‍ കമാന്‍ഡുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ശരീരം ചലിപ്പിക്കാതെ തന്നെ കമ്പ്യൂട്ടര്‍ കഴ്സര്‍ നീക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഗെയിമുകള്‍ കളിക്കാനും വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും ഉപകരണം സഹായിക്കുന്നു. ആര്‍ബോയ്ക്ക് ഇപ്പോള്‍ പഠിക്കാനും വായിക്കാനും ഗെയിം കളിക്കാനും ടെലിവിഷന്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിയന്ത്രിക്കാനും സാധിക്കുന്നുണ്ട്. ദിവസവും ഏകദേശം 10 മണിക്കൂര്‍ അദ്ദേഹം ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. ആര്‍ബോയ്ക്കുശേഷം, യുഎസ്, കാനഡ, ബ്രിട്ടന്‍, യുഎഇ എന്നിവിടങ്ങളിലായി ന്യൂറാലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളില്‍ എട്ട് പേര്‍ കൂടി ചേര്‍ന്നിട്ടുണ്ട്.
Noland Arbo, who participated in the first trial, says Neuralink’s human brain chip has changed his life