ന്യൂഡൽഹി: ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ അലയൊലികൾ അടങ്ങുംമുമ്പേ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ വീണ്ടും ആക്രമണം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും രണ്ട് വൈദികരെയും കൈയേറ്റം ചെയ്തതായാണ് പരാതി. ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. ആക്രമിച്ചത് എഴുപതംഗ സംഘമെന്ന് വൈദികർ പറഞ്ഞു.
ഒരു വൈദികന്റെ ഫോൺ അക്രമികൾ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾക്കു നേരെയും കൈയേറ്റമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജലേശ്വറിലെ ഗ്രാമത്തിൽ പ്രാർത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് ബജ്‌രംഗ്ഗ്ദൾ പ്രവർത്തകരെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. 45 മിനുട്ടോളം സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നാണ് ആരോപണം.
സംഭവത്തെ സി.ബി.സി.ഐ ശക്തമായി അപലപിച്ചു. ഒഡീഷയിൽ വൈദിക സംഘത്തിന് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ. വൈദികർക്കും സന്യസ്തർക്കും സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ആക്രമണത്തിന് പിന്നിൽ ബജ്‌റംഗദൾ ആണെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിലാണ് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണമുണ്ടായത്. ജലേശ്വർ സെൻറ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി.ജോജോ, സിസ്റ്റർമാരായ എലേസ, മോളി എന്നിവരുൾപ്പെടെയുള്ള സംഘത്തിനാണ് ഗംഗാധർ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് മർദനമേറ്റത്.
ഫാ. ലിജോ കുറവിലങ്ങാട് സ്വദേശിയും ഫാ. ജോജോ തൃശൂർ സ്വദേശിയുമാണ്. കന്യാസ്ത്രീകൾ ആലപ്പുഴ സിസ്‌റ്റേഴ്‌സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേഷൻ അംഗങ്ങളാണ്.
ഗ്രാമവാസികളുടെ ആണ്ട് കുർബാനയ്ക്കാണ് വൈദികരും സംഘവും എത്തിയത്. മടങ്ങുന്നതിനിടെ 500 മീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുനിന്ന 70ലേറെപ്പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
Nuns and priests attacked again, complaint filed alleging assault by 70 Bajrang Dal activists