ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനായുള്ള ഇരുവരുടെയും സാരഥ്യം അത്യന്തം പ്രശംസനീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഉച്ചകോടിയിലുണ്ടായ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കാണാൻ ലോകം ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചർച്ചയ്ക്ക് പോകുന്നതിനിടെ റഷ്യയ്ക്കും അതിന്റെ വ്യാപാര പങ്കാളികൾക്കും മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം ഉടൻ പരിഗണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാൽ, രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇത് പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
‘ഇന്ന് നടന്ന കാര്യങ്ങൾ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല’ എന്ന് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇനി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അതേക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം. പക്ഷേ, ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കൂടിക്കാഴ്ച വളരെ നന്നായി നടന്നുവെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണ ഉപഭോക്താക്കൾ. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ കയറ്റുമതിക്കുമേൽ 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ, ചൈനയ്‌ക്കെതിരേ അത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നില്ല.
Only through talks and diplomacy can we move forward: India appreciates Trump-Putin meeting