ഉമ്മൻചാണ്ടി: വിസ്മയം തീർത്ത ജീവിതം

ഉമ്മൻചാണ്ടി: വിസ്മയം തീർത്ത ജീവിതം

രാജു തരകന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന പുസ്തകം വായനക്കാരിൽ ജിജ്ഞാസയും രസകരമായ വായനാനുഭവവും നൽകുന്ന ഒരു മികച്ച കൃതിയാണ്. ഉമ്മൻചാണ്ടിയുടെ വിയോഗശേഷം അദ്ദേഹത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ഓർമ്മക്കുറിപ്പുകളും പ്രവാഹംപോലെ പുറത്തിറങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ ശ്രദ്ധേയമായി.

42-ലധികം പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകൾ ഉൾക്കൊള്ളുന്ന ഈ കൃതി, പ്രകാശനത്തിന്റെ ഏഴാം ദിവസംതന്നെ മൂന്നാം പതിപ്പിലേക്ക് കടന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു.

ഉമ്മൻചാണ്ടിയോടൊപ്പം ഔദ്യോഗികമായും അനൗദ്യോഗികമായും രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ച പി.ടി. ചാക്കോയുടെ അനുഭവങ്ങളിലൂടെയും ഓർമ്മകളിലൂടെയും ഉമ്മൻചാണ്ടിയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായും, പിന്നീട് 2006-2011 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായും, വീണ്ടും 2011-2016 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായകമായ ഈ സമയങ്ങളിൽ ചാക്കോ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. കേരള ചരിത്രത്തിലെ സുപ്രധാനമായ ഈ കാലഘട്ടത്തെയും, കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവിനെയും അടുത്തറിയാൻ ഈ പുസ്തകം സഹായിക്കുന്നു.

ആദ്യ മുഖ്യമന്ത്രി കാലഘട്ടത്തിൽ ആഞ്ഞടിച്ച സുനാമി ദുരന്തത്തെ മനക്കരുത്തോടെ നേരിട്ടതും, ശബരിമലയിൽ അതിവേഗം രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയതും, സ്മാർട്ട് സിറ്റി പദ്ധതിക്കായി ശക്തമായ പോരാട്ടം നടത്തിയതും പുസ്തകത്തിൽ വിശദീകരിക്കുന്നു. ആദ്യ ജനസമ്പർക്ക പരിപാടിയും ഈ കാലഘട്ടത്തിലാണ് നടന്നത്. ജനങ്ങൾക്കിടയിൽ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും അദ്ദേഹം ചെലവഴിച്ച മണിക്കൂറുകൾ ജനങ്ങളെ അമ്പരപ്പിച്ചു. സോളാർ വിവാദത്തിന് മുൻപുണ്ടായ മറ്റൊരു വിവാദത്തെ ഒരൊറ്റ പത്രസമ്മേളനത്തിലൂടെ ഉമ്മൻചാണ്ടി നിർവീര്യമാക്കിയതും ഇതിൽ പറയുന്നു. കൂടാതെ, മൂന്നാറിലെ മറയൂരിൽനിന്ന് കമ്പക്കല്ലിലേക്ക് 27 കിലോമീറ്റർ ജീപ്പിലും നടന്നും 10 മണിക്കൂറോളം യാത്രചെയ്ത് നടത്തിയ കഞ്ചാവുവേട്ട ദേശീയ ശ്രദ്ധ ആകർഷിച്ചു. പമ്പയിൽനിന്ന് സന്നിധാനത്തെത്താൻ സാധാരണക്കാർക്ക് രണ്ടു-മൂന്നു മണിക്കൂർ വേണ്ടിവരുമ്പോൾ ഉമ്മൻചാണ്ടിക്ക് ഒരു മണിക്കൂറും പത്ത് മിനിറ്റും മതിയായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയുടെ സൂചന നൽകുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ‘വിഷൻ 2010’ നടപ്പാക്കാൻ റോക്കറ്റ് വേഗത്തിൽ തീരുമാനമെടുത്തതും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പ്രകൃതി സംരക്ഷണത്തിന് കാടും മലയും കയറിയതിനേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ ഉമ്മൻചാണ്ടി കയറിയിട്ടുണ്ട്. മൂന്നാറിലെ കയ്യേറ്റഭൂമിയിൽ പലതവണ അദ്ദേഹം നേരിട്ടെത്തി. ഒരിക്കൽ തിരികെ വരുമ്പോൾ തന്റെ കാറിൽ കൂടെക്കൂട്ടിയത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാജൻ എന്ന വിദ്യാർത്ഥിയെയാണ്. ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാൻ ഉമ്മൻചാണ്ടി അവനെ കൂട്ടിക്കൊണ്ട് റവന്യൂ മന്ത്രിയെയും കളക്ടറെയുമൊക്കെ സമീപിച്ചെങ്കിലും നടന്നില്ല. തുടർന്ന് സ്വകാര്യ വ്യക്തികളിൽനിന്ന് പണം സമാഹരിച്ച് രാജനെ യുകെയിൽ പഠിക്കാൻ വിട്ടു. അവിടെ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ രാജൻ ഇപ്പോൾ കുടുംബസമേതം യുകെയിൽ കഴിയുന്നു. ഇത്തരം ഹൃദയസ്പർശിയായ നിരവധി സംഭവങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് പുസ്തകത്തിലുള്ളത്. ആദിവാസികളുടെ ദുരിതഭൂമികളായ ആറളത്തും ചെങ്ങറയിലുമൊക്കെ അദ്ദേഹം ഓടിയെത്തി. ഭൂമാഫിയ കൈവശപ്പെടുത്തിയ പൊന്മുടിയിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റ് തിരിച്ചുപിടിച്ചതും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് തെളിവാണ്.

കേവലം രണ്ടു സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി രണ്ടാമതും മുഖ്യമന്ത്രിയായ 2011-2016 കാലഘട്ടം കേരള ചരിത്രത്തിൽ നിർണായകമാണ്. ഒരു സുവർണ്ണകാലഘട്ടമെന്നും അതേസമയം മുൾമുടി നിറഞ്ഞ കാലമെന്നും അതിനെ വിശേഷിപ്പിക്കാം. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം വികസനത്തിന്റെ ഇരമ്പൽ കേട്ട നാളുകളായിരുന്നു അത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങി ഒരുപിടി വൻകിട പദ്ധതികൾക്ക് ഈ കാലഘട്ടത്തിൽ തുടക്കമിട്ടു. അതോടൊപ്പം എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, കാരുണ്യ ചികിത്സാ പദ്ധതി, കോക്ലിയർ ഇംപ്ലാന്റേഷൻ, സൗജന്യ മരുന്നുകൾ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളുടെ ഒരു വലിയ പ്രവാഹവും ഉണ്ടായി. ജനിച്ചുവീഴുന്ന കുഞ്ഞുമുതൽ വയോവൃദ്ധർ വരെയുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാൻ അദ്ദേഹം പരിശ്രമിച്ചു. ബാറുകൾ അടച്ചുപൂട്ടാനുള്ള ചങ്കൂറ്റവും ഈ കാലഘട്ടത്തിലെ പ്രധാന തീരുമാനമായിരുന്നു.

മൂന്നു തവണകൂടി ജനസമ്പർക്ക പരിപാടി നടത്തി ഉമ്മൻചാണ്ടി പാവപ്പെട്ട 12 ലക്ഷത്തോളം പേർക്ക് 243 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. ലോകത്ത് ആർക്കും നടപ്പാക്കാൻ കഴിയാത്ത ഈ ജനസമ്പർക്ക പരിപാടിക്കാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. ഈ അവാർഡ് റദ്ദാക്കാൻ ഇടതുപക്ഷം യു.എൻ. ആസ്ഥാനത്തേക്ക് ഇ-മെയിൽ അയച്ച് ശ്രമം നടത്തി. ലോകത്തിന്റെ നെറുകയിൽനിന്ന് അവാർഡുമായി തിരിച്ചെത്തിയ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി കാണിച്ചുമാണ് ഇടതുപക്ഷം എതിരേറ്റത്. കണ്ണൂരിൽവെച്ച് അദ്ദേഹത്തിന് കല്ലേറ് കിട്ടിയിട്ടും അവരോട് ക്ഷമിച്ച അദ്ദേഹത്തിന്റെ മനസ്സ് മറ്റൊരു കഥയാണ്.

ബാർ കോഴക്കേസും സോളാർ കേസും കൂടാതെ അരഡസനോളം കേസുകൾ ഉണ്ടാക്കി അദ്ദേഹത്തെ വരിഞ്ഞുമുറുക്കി. അദ്ദേഹത്തിനെതിരെ ബലാത്സംഗക്കേസുവരെ ചുമത്തി. ജാമ്യം പോലും എടുക്കാതെ അദ്ദേഹം നെഞ്ചുവിരിച്ചു നിന്നു. കേരള പോലീസിന് കഴിയാതെ വന്നപ്പോൾ കേസ് സി.ബി.ഐ.ക്ക് വിട്ടു. ഈ പീഡനാനുഭവങ്ങൾ അദ്ദേഹത്തെ ശാരീരികമായി തളർത്തി. 13 ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹം 8 വർഷം രോഗിയായി കഴിഞ്ഞു. ചികിത്സ സംബന്ധിച്ചും വിവാദങ്ങൾ ഉയർന്നു. മരണത്തിനു മുന്നിലും അദ്ദേഹം ധൈര്യത്തോടെ നിലകൊണ്ടു. അദ്ദേഹത്തിന്റെ അവസാന യാത്രയും കേരള ചരിത്രത്തിൽ ഇടംപിടിച്ചു.

ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാണോ, കെട്ടുകഥയാണോയെന്ന് സംശയം തോന്നും. എന്നാൽ ഇത് ഒരു പച്ചയായ മനുഷ്യന്റെ ജീവിതമാണ്. ഇങ്ങനെയൊരു മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറയ്ക്ക് ഒരുപക്ഷേ സംശയം തോന്നിയേക്കാം. അദ്ദേഹത്തിന്റെ അറിയപ്പെടാത്ത ജീവിതത്തിലെ ഏടുകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഈ പുസ്തകത്തിന് ലഭിച്ച ഊഷ്മളമായ സ്വീകരണം, ഉമ്മൻചാണ്ടി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണ്. പി.ടി. ചാക്കോ ഉമ്മൻചാണ്ടിയെക്കുറിച്ച് എഴുതിയ ആറാമത്തെ പുസ്തകമാണിത്.

Oommen Chandy: An Amazing Life

Share Email
Top