ആധുനിക ലോകത്തെ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് സ്മാർട്ട്‌ഫോൺ. എന്നാൽ വരാനിരിക്കുന്ന AI-അധിഷ്ഠിത ലോകത്ത് അത് പൂർണ്ണമായും അപ്രസക്തമാണെന്ന് പറഞ്ഞാലോ? ഇതാണ് ഓപ്പൺ എഐ-യുടെ സിഇഓ ആയ സാം ആൾട്ട്മാൻ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.
People by WTF പോഡ്‌കാസ്റ്റിൽ സെരോധ സഹസ്ഥാപകൻ നിഖിൽ കാമത്തുമായുള്ള ഒരു ശ്രദ്ധേയമായ സംഭാഷണത്തിലെ ആൾട്ട്മാന്റെ പ്രവചനമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയെ തന്നെ മാറ്റിയേക്കാവുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. ഇന്നത്തെ സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും വരാനിരിക്കുന്ന എഐ വിപ്ലവത്തിനായി നിർമ്മിച്ചതല്ല എന്നാണ് ആള്‍ട്ട്മാൻ പറയുന്നത്.
AI ഇല്ലാത്ത ഒരു ലോകത്തിനായി അവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ആൾട്ട്മാൻ പറഞ്ഞു. വരാനിരിക്കുന്ന എഐ അധിഷ്ഠിത ലോകത്ത് നമുക്ക് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഉപകരണങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ അപ്‌ഗ്രേഡുകളെക്കുറിച്ചല്ല സാം ആൾട്ട്മാൻ പറയുന്നത്. പുതിയ തലമുറ ഉപകരണങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് വളരെ എളുപ്പത്തിൽ ഇഴുകിച്ചേരുന്ന, നിങ്ങളുടെ സാഹചര്യം, ശീലങ്ങൾ, ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം ബോധവാന്മാരാകുന്ന, പശ്ചാത്തലത്തിൽ ഏതാണ്ട് അദൃശ്യമായി പ്രവർത്തിക്കുന്ന AI-നേറ്റീവ് ഹാർഡ്‌വെയർ.
നിങ്ങളുടെ പോക്കറ്റിൽ ഇരിക്കാത്ത – എന്നാൽ നിങ്ങളോടൊപ്പം ജീവിക്കുകയും നിങ്ങളിൽ നിന്ന് പഠിക്കുകയും നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണ് വരും കാലത്തേക്ക് വേണ്ടതെന്നാണ് ഓപ്പൺ എഐ സിഈഓ പറയുന്നത്.
കമ്പ്യൂട്ടിംഗിനെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നതിനായി ഐഫോൺ ഡിസൈനറായ ജോണി ഐവുമായി ആൾട്ട്മാൻ കൈകോർക്കുകയാണ്. ഹാർഡ്‌വെയർ നിർമിക്കുന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. മനുഷ്യർ മെഷീനുകളുമായി ഇടപഴകുന്ന രീതിയെ തന്നെ മാറ്റിമറിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
Open AI CEO Sam Altman says smartphones will become irrelevant in an AI-driven future