സർക്കാർ പാനൽ തള്ളിയുള്ള ഗവർണറുടെ വിസി നിയമനത്തിൽ തുറന്ന പോര്, കടുപ്പിച്ച് മുഖ്യമന്ത്രി; തീരുമാനം റദ്ദാക്കാൻ കത്തയച്ചു

സർക്കാർ പാനൽ തള്ളിയുള്ള ഗവർണറുടെ വിസി നിയമനത്തിൽ തുറന്ന പോര്, കടുപ്പിച്ച് മുഖ്യമന്ത്രി; തീരുമാനം റദ്ദാക്കാൻ കത്തയച്ചു

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ (വിസി) നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്തയച്ചു. ഗവർണർ സുപ്രീം കോടതി വിധിയെ അവഗണിച്ച് സിസ തോമസിനെയും കെ. ശിവപ്രസാദിനെയും ഡിജിറ്റൽ, കെടിയു സർവകലാശാലകളുടെ വിസിമാരായി വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. സർക്കാർ നിർദേശിച്ച പാനലിനെ തള്ളിയാണ് ഗവർണർ ഇന്ന് രാവിലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ നിയമപരമായി നേരിടാൻ സർക്കാർ തീരുമാനിച്ചു.

സുപ്രീം കോടതി വിധി ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിയിട്ടും, ഗവർണർ അതിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിയമിതരായവർ സർക്കാർ പാനലിൽ ഉൾപ്പെട്ടവരല്ലെന്നും, ഇത് സർവകലാശാലയുടെ ഭരണനടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. നിയമനം സംബന്ധിച്ച് വിവാദം നിലനിൽക്കെ ഗവർണർ കടുത്ത തീരുമാനത്തിലേക്ക് കടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

Share Email
Top