തിരുവനന്തപുരം: വർഷങ്ങൾക്കു മുമ്പുള്ള വാഹന നമ്പറുകൾ വീണ്ടും സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നമ്പറുകൾ പുനരുപയോഗിക്കുന്ന കാര്യം രജിസ്‌ട്രേഷൻ വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൗതുകമുള്ള പഴയ സീരീസിലുള്ള നമ്പറുകൾ വീണ്ടും ഉപയോഗിക്കാൻ താത്പര്യമുള്ളവർക്ക് അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
KLM, KLQ, KLO, KRK, KLT തുടങ്ങി മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിലുണ്ടായിരുന്ന നമ്പറുകളാണ് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇവയൊക്കെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. കൗതുകമുള്ള പുതിയ നമ്പറുകൾ ഇപ്പോൾ നൽകുന്നത് ലേലത്തിലൂടെയാണ്. അതേ മാതൃകയിൽ പണം ഈടാക്കി ലേലത്തിൽ പഴയ നമ്പറുകളും വിതരണം ചെയ്യാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. വകുപ്പിന് മറ്റൊരു വരുമാന മാർഗം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
രജിസ്‌ട്രേഷൻ നടപടികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കും. ഏതൊക്കെ സീരീസുകൾ തിരികെ കൊണ്ടുവരാം, അതിൽ ഏതൊക്കെ നമ്പർ അനുവദിക്കാം, സാങ്കേതിക തടസ്സങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഈ സംഘം പരിശോധിക്കും.
പൊളിച്ചുകളഞ്ഞതും ആർസി ഇല്ലാതായതുമായ വാഹനങ്ങൾ ‘റദ്ദാക്കി’ എന്ന രീതിയിലാണ് പരിവാഹൻ വെബ്സൈറ്റിൽ കാണുക. ഇത്തരം നമ്പറുകളെ പുതിയ വിഭാഗത്തിൽ പരിവാഹനിൽ ഉൾപ്പെടുത്തിവേണം ഇത് നടപ്പാക്കാനെന്നാണ് അധികൃതർ പറയുന്നത്.
Opportunity to own KLM and KRR vehicle numbers