തിരുവനന്തപുരം: ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യമുന്നണി രംഗത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടര്‍പ്പട്ടികയില്‍ ബി.ജെ.പി കൃത്രിമം നടത്തിയതിന്റെ ഭാഗമായാണ് തൃശൂരിലെ ക്രമക്കേടുമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ തൃശൂരിലെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ അന്നത്തെ തൃശൂര്‍ ഡി.സി.സി അധ്യക്ഷനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് സുനില്‍ കുമാറും പരാതി നല്‍കിയതാണ്. എന്നാല്‍ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന നിലപാടാണ് അന്ന് കളക്ടര്‍ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാധ്യത തൃശൂരിലെ എം.പിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്. ഉത്തരം നല്‍കിയേ മതിയാകൂ. ഒരു സ്ത്രീയുടെ വിലാസത്തില്‍ അവര്‍ പോലും അറിയാതെയാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് തല പ്രവര്‍ത്തകര്‍ ഇത് കണ്ടെത്തി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
സംഘടിതമായ കുറ്റകൃത്യമാണ് വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബി.ജെ.പി നടത്തിയത്. ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണം. ബി.എല്‍.ഒമാരെ നിയമിച്ചത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്താണ് യാഥാര്‍ത്ഥ്യമെന്നത് പുറത്തുവരണം.
തൃശൂരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെങ്കില്‍ അതേക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപിക്കുണ്ട്. പ്രതിരോധിക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാന്‍ തയാറാകാത്തത്. രാജ്യത്ത് ഉടനീളെ ബി.ജെ.പി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ഒന്നും പറയാന്‍ തയാറാകാത്തത്. ഒന്നും മിണ്ടില്ലെന്നു പറയുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല. 11 വോട്ട് ചേര്‍ത്തതിന്റെ മാത്രം ആരോപണമല്ല. ഫ്ളാറ്റുകളില്‍ വ്യാപകമായി വോട്ട് ചേര്‍ത്തിട്ടുണ്ട്. അന്‍പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വ്യാജ വോട്ടുകള്‍ തൃശൂരില്‍ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ യു.ഡി.എഫ് കണ്ടെത്തിയിരിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Opposition in the state also makes allegations against the Election Commission: Opposition leader demands that the Commission investigate the irregularities committed by the BJP in Thrissur