തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയത്തിന് പ്രതിപക്ഷം

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ ഇംപീച്ച്മെന്റ്  പ്രമേയത്തിന് പ്രതിപക്ഷം

ന്യൂഡൽഹി: ‘വോട്ട് ചോരി’ വിവാദത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായി ഇംപീച്ച്മെന്റ് പ്രമേയ നീക്കവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് എതിരേ പത്രസമ്മേളനം നടത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷണർ പത്രസമ്മേളനം വിളിച്ചു ചേർത്ത് രാഹുലിന്റെ വാദങ്ങളെ വ്യാജമെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ അതിശക്തമായ നീക്കം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഇതു സംബന്ധിച്ച് നീക്കം നടക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഇംപീച്ച്മെന്റ് പ്രമേയം സംബന്ധിച്ച് കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗർഹി സ്ഥിരീകരണവും നല്കി. വോട്ട് വിവാദം സംബന്ധിച്ച് ഒരു അന്വേഷണവും ഇല്ലെന്നും കഴിഞ്ഞദിവസം ചീഫ് ഇലക്ഷൻ കമ്മീഷണർ ഗാനേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് നോട്ടിസ് നൽകുന്നത് ഇന്ത്യ മുന്നണി ചർച്ചചെയ്തത്. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ സാധിക്കു. എന്നാൽ ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പാർലമെൻ്റിൽ നടത്താൻ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്.

Opposition may move impeachment motion against Chief Election Commissioner amid ‘vote chori’ row: Sources

Share Email
Top