ബ്രസല്‍സ്: ആദ്യം ഭീഷണിയുടെ സ്വരം. അതു വിലപ്പോകില്ലെന്നു വന്നപ്പോള്‍ ഇന്ത്യക്കെതിരേ പെരും നുണയുടെ കെട്ടഴിച്ചുവിടുന്നു. ആളു ചില്ലറക്കാരനൊന്നുമല്ല. പാക്ക് സൈനീക മേധാവി അസീം മുനീറാണ് താരം. സിന്ധു നദീജല കരാര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി പ്രഖ്യാപനം നടത്തിയിട്ട് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതിനെ തുടര്‍ന്ന് ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടാണ് പെരും നുണയുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇന്ത്യ-പാക്ക് സംഘര്‍ഷത്തിനിടെ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിച്ചെന്നും ഇടപെടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അപേക്ഷിച്ചെന്നുമാണ് ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ അസീം മുനീര്‍ പറഞ്ഞത്.
പാക്കിസ്ഥാന്‍ ലോകരാഷ്ട്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയെന്നും അവകാശപ്പെട്ടു. ബ്രസ്സല്‍സില്‍ പാക്ക് വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ പച്ചനുണകള്‍ ആവര്‍ത്തിച്ചത്. ഓഗസ്റ്റ് 11ന് നടത്തിയ പരിപാടി റെക്കോഡ് ചെയ്യരുതെന്നും പങ്കെടുക്കാനെത്തുന്നവര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിച്ചതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് അസീം മുനീര്‍ പെരും നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. റാവല്‍പിണ്ടിയിലെ പാക്കിസ്ഥാന്റെ നൂര്‍ ഖാന്‍ വ്യോമതാവളം ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ വിളിച്ചാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കുന്ന കാര്യം അറിയിച്ചത്.
വെടിനിര്‍ത്തല്‍ ആവശ്യം പാക്ക് സൈനിക ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാട്. തുടര്‍ന്ന് നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായത്. എന്നാല്‍ ഇവയൊക്കെ മറച്ചുവെച്ചാണ് ജനങ്ങളെ ആവേശം കൊള്ളിക്കാനുളള പാക് സൈനീക മേധാവിയുടെ പെരുംനുണ പ്രസംഗം.
Pakistan Army Chief unleashes a string of lies against India