മിസൈൽ ആക്രമണ ശേഷി വർദ്ധിപ്പിക്കും: പുതിയ സൈനിക വിഭാഗം രൂപീകരിച്ച് പാകിസ്ഥാൻ

മിസൈൽ ആക്രമണ ശേഷി വർദ്ധിപ്പിക്കും: പുതിയ സൈനിക വിഭാഗം രൂപീകരിച്ച് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ട പാകിസ്താൻ മിസൈൽ ആക്രമണ ശേഷി കൂട്ടാനായി പുതിയ സൈനിക വിഭാഗം രൂപീകരിച്ചു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ (PLARF) മാതൃകയിൽ മിസൈലുകൾക്കും റോക്കറ്റുകൾക്കുമായി ഒരു പ്രത്യേക കമാൻഡ് രൂപീകരിക്കാനാണ് പാകിസ്താന്റെ ശ്രമം.

മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിൽ വ്യോമാക്രമണത്തിനായിരുന്നു മുൻതൂക്കം. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും മറ്റും ഉപയോഗിച്ചു. പാകിസ്താന്റെ ചൈനീസ് നിർമ്മിത PL15, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്‌മോസ്, ആകാശ് സംവിധാനങ്ങൾ, റഷ്യൻ എസ്-400 എന്നിവയെല്ലാം ഈ സംഘർഷത്തിൽ ഉപയോഗിക്കപ്പെട്ടു. എന്നാൽ, പാകിസ്താന്റെ മിസൈലുകൾ ഇന്ത്യ നിർവീര്യമാക്കിയത്‌ അവർക്ക് വൻതിരിച്ചടിയായി.

ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ സ്മരണയ്ക്കായി ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ, പാകിസ്താൻ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ആർമി റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ സൈന്യത്തിന്റെ പോരാട്ടശേഷി ശക്തിപ്പെടുത്തുന്നതിൽ റോക്കറ്റ് ഫോഴ്‌സ് നാഴികക്കല്ലാകുമെന്നും ഷെഹ്ബാസ് പറഞ്ഞു.

ചൈനയുടെ മാതൃകയിലുള്ള പാകിസ്താന്റെ പുതിയ മിസൈൽ കമാൻഡ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണ്. മുൻപ് സെക്കൻഡ് ആർട്ടിലറി കോർപ്‌സ് എന്നറിയപ്പെട്ടിരുന്ന PLARF, ചൈനയുടെ തന്ത്രപ്രധാനമായ മിസൈൽ സേനയാണ്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) നാലാമത്തെ കമാൻഡായ PLARF, ആണവ, പരമ്പരാഗത വിഭാഗങ്ങളിലുള്ള ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ, കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ചൈനയുടെ മിസൈലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. വെടിനിർത്തലിന് തലേദിവസം രാത്രി, ഹരിയാണയിലെ സിർസയ്ക്ക് മുകളിൽ വെച്ച് പാകിസ്താന്റെ ഫത്താ-1 മിസൈൽ ഇന്ത്യ തകർത്തിരുന്നു. അതേസമയം, ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ ഉള്ളിലേക്ക് ശക്തമായ ആക്രമണം നടത്തി. അതീവ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ ഒട്ടേറെ ലക്ഷ്യങ്ങളെ തകർത്തു. പാകിസ്താൻ എയർഫോഴ്‌സിന്റെ നൂർ ഖാൻ വ്യോമതാവളം, പ്രധാന വാർത്താവിനിമയ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Pakistan to form new military wing to boost missile attack capabilities

Share Email
LATEST
More Articles
Top