മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ സഹോദരൻ പി.കെ. ബുജൈർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി. ലഹരി ഇടപാടിൽ ഇദ്ദേഹത്തിന് പങ്കുള്ളതായി തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ കുന്ദമംഗലം സ്വദേശി റിയാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ കസ്റ്റഡിയിലെടുത്തത്.
റിയാസും ബുജൈറും തമ്മിലുള്ള ലഹരി ഇടപാടുകളുടെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തു. ബുജൈറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ബിഎൻഎസ് 132, 121 വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ബുജൈറിന്‍റെ കാറിൽ നിന്ന് ലഹരി ഉപയോഗത്തിനായി കരുതുന്നുവെന്ന് സംശയിക്കുന്ന വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. കുന്ദമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.