ന്യൂഡല്‍ഹി: മുപ്പതു ദിവസത്തില്‍ കൂടുതല്‍ ജയിലഴിക്കുള്ളിലായാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ നഷ്ടമാകുന്ന നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ വരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം
പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും സഹമന്ത്രി എന്നിവരുള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വച്ചാല്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.
അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. 30 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യണം. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവര്‍ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക.
PM, chief ministers removed on 31st day of arrest: New bills set to rock Parliament