ന്യൂഡൽഹി: ക്രിമിനൽ കുറ്റങ്ങളിൽപ്പെടുന്ന മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട ബില്ലിൽ തനിക്ക് ഇളവ് നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ ആവശ്യപ്പെടുന്ന ഈ ബില്ലിലാണ് മോദിയുടെ ഈ നിലപാട്.
ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചർച്ചകളിൽ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും മോദി അത് നിരസിക്കുകയായിരുന്നുവെന്ന് റിജിജു വ്യക്തമാക്കി. “പ്രധാനമന്ത്രിയെ ഈ ബില്ലിൽനിന്ന് ഒഴിവാക്കണമെന്നാണ് ശുപാർശയെന്ന് മന്ത്രിസഭ മോദിയെ അറിയിച്ചു. പക്ഷേ, അദ്ദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിക്ക് ഒരു ഇളവ് നൽകുന്നതിൽ അദ്ദേഹം വിസമ്മതിച്ചു. ‘പ്രധാനമന്ത്രിയും ഒരു പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നൽകേണ്ടതില്ല. മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാർട്ടിയിൽനിന്നുള്ളവരാണ്. നമ്മുടെ ആളുകൾ തെറ്റുകൾ വരുത്തിയാൽ അവർ സ്ഥാനങ്ങൾ രാജിവെക്കണം. ധാർമികതയ്ക്കും എന്തെങ്കിലും അർഥമുണ്ടാകണം,’ എന്ന് മോദി പറഞ്ഞതായി റിജിജു അറിയിച്ചു.”
അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലാണിത്. ഇതിനായി, പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 31-ാം ദിവസം രാഷ്ട്രപതിയോടോ ഗവർണറോടോ ശുപാർശ ചെയ്യണം. ശുപാർശ ചെയ്തില്ലെങ്കിലും തൊട്ടടുത്ത ദിവസം സ്ഥാനം നഷ്ടപ്പെടും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആണ് അറസ്റ്റിലാകുന്നതെങ്കിലും ഇതുതന്നെയാണ് രീതി. അഞ്ചു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ മാത്രമാണ് ഈ നിയമം ബാധകമാവുക.
പ്രതിപക്ഷം ലോക്സഭയിൽ ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ബില്ലിന്മേൽ അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി.) വിട്ടു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ജെ.പി.സി. റിപ്പോർട്ട് സമർപ്പിക്കും.
PM Modi does not want any relaxation in the bill to dismiss ministers facing criminal charges