വി.എസ്. അച്യുതാനന്ദന്റെ മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപപരമായ പോസ്റ്റുകൾ പങ്കുവെച്ച നടൻ വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തു. വി.എസ്സിന്റെ മരണവുമായി ബന്ധപ്പെട്ട പരാമർശവും മുൻപ് പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളുമാണ് അന്വേഷണത്തിന് അടിസ്ഥാനം.
രാവിലെ 11 മണിയോടെ വിനായകൻ ചോദ്യംചെയ്യലിന് ഹാജരായി. സൈബർ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ-അസഭ്യ പരാമർശങ്ങൾ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. വിനായകന്റെ ഫോണും പോലീസ് സംഘം പരിശോധിച്ചു. യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ, ഒരു മാധ്യമപ്രവർത്തക എന്നിവർക്ക് നേരെയാണ് അധിക്ഷേപ വാക്കുകളുള്ള പോസ്റ്റുകൾ ഉണ്ടായിരുന്നത്.
പോസ്റ്റുകൾ “ആധുനിക കവിത” എന്ന നിലയിലാണ് ഇട്ടതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു. എന്നാൽ യേശുദാസിനെയും അടൂർ ഗോപാലകൃഷ്ണനെയും വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ സിനിമാ ലോകത്തിനകത്തും പുറത്തും ശക്തമായ വിമർശനമുയർന്നു.
ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ രംഗത്ത് വന്നു. യേശുദാസിനെതിരായ പരാമർശം മലയാളി സമൂഹത്തിന് അപമാനകരവും അപലപനീയവുമാണെന്ന് സംഘടനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. വിനായകനെ ‘വിനാശകൻ’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഈ വിവാദത്തിനിടെ തന്നെ, മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുകൊണ്ടുള്ള മറ്റൊരു പോസ്റ്റ് വിനായകൻ പങ്കുവെച്ചത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു.
Post Was “Modern Poetry,” Says Actor; Cyber Police Question Actor Vinayakan Over Abusive Posts Following V.S. Achuthanandan’s Death