മലയാളത്തിൻ്റെ ഗുരുനാഥൻ പ്രഫ. എം.കെ. സാനു വിടചൊല്ലി

മലയാളത്തിൻ്റെ ഗുരുനാഥൻ പ്രഫ. എം.കെ. സാനു വിടചൊല്ലി
Share Email

കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു.മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1958-ല്‍ ‘അഞ്ചു ശാസ്ത്ര നായകന്മാര്‍’ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

2011-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള അബുദാബി ശക്തി അവാര്‍ഡ്, ആത്മകഥ ‘കര്‍മഗതി’ക്ക് പവനന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, 2013-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, ഫാദര്‍ വടക്കന്‍ പുരസ്‌കാരം, പി. കേശവദേവ് സാഹിത്യപുരസ്‌കാരം, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങിയവ ലഭിച്ചുണ്ട്. കുങ്കുമം വാരികയുടെ മുഖ്യപത്രാധിപരായും വയലാര്‍ അവാര്‍ഡ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നു.

പരേതയായ എന്‍. രത്‌നമ്മയാണ് ഭാര്യ. എം.എസ് രഞ്ജിത്ത്, എം.എസ് രേഖ, ഡോ.എം.എസ് ഗീത, എം.എസ് സീത, എം.എസ് ഹാരിസ് എന്നിവരാണ് മക്കള്‍. നാളെ രാവിലെ 9 മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം. 10 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് അവസരമുണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരം.

Prof MK Sanu passed Away

Share Email
Top