കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിൻ്റെ പ്രിയങ്കരനായ സാനുമാഷ് കേരളത്തിന്റെ അക്ഷര ലോകത്തെ തിളങ്ങുന്ന ഓർമയായി ഇനി ജ്വലിക്കും . പ്രൊഫസർ എം കെ സാനുവിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വൈകിട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു. ശിഷ്യഗണങ്ങളടക്കം ആയിരങ്ങളാണ് പ്രിയ അധ്യാപകനും സാഹിത്യകുലപതിയുമായ സാനുവിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 5.35നാണ് കൊച്ചിയിൽ അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരുക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.