പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കടകളുടെ മുന്നിൽ ‘സ്വദേശി’ എന്ന് എഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്തു.
അഹമ്മദാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് മോദി ഈ നിർദേശം മുന്നോട്ട് വച്ചത്. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് പിഴയായി യു.എസ് ഏർപ്പെടുത്തിയ 25% അധിക തീരുവ നിലവിൽ വരാനിരിക്കെ വന്ന ആഹ്വാനമാണിത്.
ഉത്സവസീസൺ പരാമർശിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം നടത്തിയതും. നവരാത്രി, വിജയദശമി, ധന്ത്രാസ്, ദീപാവലി പോലുള്ള ആഘോഷങ്ങൾ രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ ഉത്സവങ്ങൾ ആക്കണമെന്ന് മോദി പറഞ്ഞു. “വാങ്ങുന്ന സാധനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കണം. കച്ചവടക്കാർ വിദേശ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഒഴിവാക്കണം. ചെറിയ കാര്യമാണെന്ന് തോന്നിയാലും ഇത് ഫലപ്രദമായിരിക്കും. രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും സഹായകരമാകും” – മോദി വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ അമിത തീരുവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ഈ ‘സ്വദേശി’ നിർദേശം. ഇതിന് മുമ്പ്, തന്റെ മാസാന്ത റേഡിയോ പരിപാടിയായ മൻ കി ബാത്ത് ലും “രാജ്യത്തിനായുള്ള യഥാർത്ഥ സേവനം സ്വദേശ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്” എന്നും മോദി പറഞ്ഞിരുന്നു.
Promotion of Swadeshi Products: Modi urges shops to display ‘Swadeshi’ boards in front