ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീന്‍ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ കൂട്ടത്തോടെ അറസ്റ്റില്‍. ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചവരില്‍ 466 പേരെയാണ് മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതില്‍ അഞ്ചുപേര്‍ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പോലീസുകാര്‍ക്കൊന്നും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.
തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് ‘പലസ്തീന്‍ ആക്ഷന്’ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ റോയല്‍ എയര്‍ഫോഴ്‌സ് ബേസില്‍ അതിക്രമിച്ച് കയറി വിമാനങ്ങള്‍ക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീന്‍ ആക്ഷന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയത്.
കറുത്തവസ്ത്രവും കഫിയയും ധരിച്ച് പലസ്തീന്‍ പതാകകളുമായാണ് പ്രതിഷേധക്കാര്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലെത്തിയത്. പലസ്തീന് ആക്ഷന് പിന്തുണ പ്രഖ്യാപിച്ചും വംശഹത്യയെ എതിര്‍ത്തും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധമുണ്ടായി.
‘പലസ്തീന്‍ ആക്ഷന്‍’ നിരോധിച്ചതോടെ സംഘടനയില്‍ അംഗമാകുന്നത് ക്രിമിനല്‍ക്കുറ്റമായി മാറിയിരിക്കുകയാണ്. ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം. അതേസമയം, സംഘടനയെ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയുള്ള നിയമപരമായ പോരാട്ടത്തിന് പലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപക ഹുദ അമ്മോരിക്ക് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചിരുന്നു.
Protest in London against ban on ‘Palestine Action’: Police arrest 466 people in mass