പുനര്‍ഗേഹം: മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് 332 ഫ്‌ളാറ്റുകള്‍ കൈമാറും

പുനര്‍ഗേഹം: മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് 332 ഫ്‌ളാറ്റുകള്‍ കൈമാറും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായ 332 ഫ്‌ളാറ്റുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് കൈമാറും. രണ്ടു നിലകളിലായി എട്ടുഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളായാണ് നിര്‍മിച്ചിട്ടുള്ളത്. ഒരു ഫ്‌ളാറ്റിന്റെ നിര്‍മാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്. റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതില്‍ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 2023 ഫെബ്രുവരി 10 നാണ് മുട്ടത്തറയിലെ ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. മുട്ടത്തറ വില്ലേജില്‍ ക്ഷീര വികസന വകുപ്പിന്റെ എട്ടു ഏക്കര്‍ ഭൂമി ഫിഷറീസ് വകുപ്പിന് സര്‍ക്കാര്‍ കൈമാറുകയായിരുന്നു. അതില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം 400 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനായി 81 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന 400 ഫ്‌ളാറ്റുകളുടെ സമുച്ചയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാകാനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസം മൂലം പദ്ധതി വൈകുമെന്നതിനാലാണ് ആദ്യ ഘട്ടമായി 332 ഫ്‌ളാറ്റുകളും രണ്ടാം ഘട്ടമായി പാരിസ്ഥിതികാനുമതി ലഭിച്ച ശേഷം 68 ഫ്‌ളാറ്റുകളും പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

തുടര്‍ച്ചയായ കടല്‍ക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനര്‍ഗേഹം എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നല്‍കിയത്. 2019 ഡിസംബറില്‍ 2,450 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ പദ്ധതി വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. വ്യക്തികള്‍ സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുക,ഗുണഭോക്താക്കളുടെ സംഘം ഭൂമി കണ്ടെത്തി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുക,റവന്യൂ ഭൂമിയിലോ ഏറ്റെടുത്ത ഭൂമിയിലോ സര്‍ക്കാര്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മച്ച് നല്‍കുക എന്നീ മാര്‍ഗങ്ങളാണ് പുനരധിവാസത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.


Punargeham: 332 flats to be handed over to fishermen today

Share Email
LATEST
Top