ട്രംപിനെതിരെ കൈകോര്‍ക്കാന്‍ ചൈനയും റഷ്യയും ഉത്തരകൊറിയയും: ചൈനയുടെ മിലിട്ടറി പരേഡില്‍ പുട്ടിനും കിം ജോങ് ഉന്നും പങ്കെടുക്കും

ട്രംപിനെതിരെ കൈകോര്‍ക്കാന്‍ ചൈനയും റഷ്യയും ഉത്തരകൊറിയയും: ചൈനയുടെ മിലിട്ടറി പരേഡില്‍ പുട്ടിനും കിം ജോങ് ഉന്നും പങ്കെടുക്കും

ബീജിംഗ്: പ്രതിസന്ധിയിലാക്കുമാറ് തങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യങ്ങള്‍ക്കുമേല്‍ വന്‍ ഇറക്കുമതിച്ചുങ്കമേര്‍പ്പെടുത്തിയ യുഎസ് പ്രസി‍ഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ കൈകോര്‍ക്കാന്‍ ചൈനയും റഷ്യയും ഉത്തരകൊറിയയും. അടുത്തയാഴ്ച ബെയ്ജിങില്‍ നടക്കാനിരിക്കുന്ന ചൈനയുടെ മിലിട്ടറി പരേഡില്‍ റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പങ്കെടുക്കും. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന ചടങ്ങില്‍ മൂന്ന് വന്‍ശക്തികള്‍ കൈകോര്‍ക്കുന്നത് ട്രംപിനുള്ള വലിയ മുന്നറിയിപ്പ് കൂടിയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

രണ്ടാം ലോകയുദ്ധം അവസാനിച്ചതിന്‍റെ 80–ാം വാര്‍ഷികമാണ് സെപ്റ്റംബര്‍ മൂന്നിന് ചൈന ആഘോഷിക്കുന്നത്. ടിയനന്‍മെന്‍ സ്ക്വയറില്‍ നടക്കാനിരിക്കുന്ന കൂറ്റന്‍ പരേഡ് 2015ന് ശേഷം ഇതാദ്യമാണ്.  കിമ്മിനും പുട്ടിനും പുറമെ 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരേഡില്‍ പങ്കെടുക്കും.  ബെലറൂസ് പ്രസിഡന്‍റ് അലക്സാന്ദര്‍ ലുകാസ്ഷെനോ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയന്‍, ഇന്തൊനേഷ്യന്‍ പ്രസിഡന്‍റ് സുബിയാന്തോ, ദക്ഷിണ കൊറിയന്‍ നാഷനല്‍ അസംബ്ലി സ്പീക്കര്‍ വൂ വൂന്‍ ഷിക് തുടങ്ങിയവരാണ് പരേഡില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖര്‍.

യുക്രെയ്ന്‍ യുദ്ധത്തിലടക്കം റഷ്യന്‍ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചതെന്നതും പാശ്ചാത്യ ഉപരോധം തലയ്ക്ക് മീതെ നിന്ന സമയത്തും കൈവിടാന്‍ ചൈന തയ്യാറായില്ലെന്നത് പരിഗണിച്ചാണ് പുട്ടിന്‍റെ യാത്ര. 2019 ജനുവരിയിലാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഇതിന് മുന്‍പ് ചൈനയില്‍ എത്തിയത്.

ചൈനയുടെ സൈനിക ശക്തി വിളിച്ചോതുന്നത് കൂടിയാകും പരേഡെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഹൈപ്പര്‍സോണിക് ആയുധങ്ങളുമടക്കം ചൈന പ്രദര്‍ശിപ്പിച്ചേക്കും. പതിനായിരക്കണക്കിന് വരുന്ന സൈനികരുടെ അഭിവാദ്യവും പരേഡില്‍ ഷീ ചിന്‍ പിങ് സ്വീകരിക്കും.

പരേഡിന് മുന്‍പ് ചൈനയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷേ പരേഡില്‍ പങ്കെടുക്കുമോ എന്നതില്‍ ഔദ്യോഗിക തീരുമാനമായില്ല. എന്നാല്‍ ട്രംപിന്‍റെ ഇറക്കുമതിത്തീരുവ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പുതിയ വിപണികള്‍ കണ്ടെത്തുക ഇന്ത്യന്‍ ലക്ഷ്യം കൂടിയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി, പരേഡ് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഏകപക്ഷീയമായ ചൈനീസ് ശ്രമങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാട് ഇന്ത്യ തുടരും. ഒപ്പം ട്രംപിനെ പ്രതിരോധിക്കാനുള്ള കൂട്ടായ്മയുടെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 2020 ല്‍ ലഡാക്കില്‍ ചൈനയുണ്ടാക്കിയ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായത്. 

Putin and Kim Jong Un to attend China’s military parade

Share Email
LATEST
More Articles
Top