മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ആശയവിനിമയം നടത്തി വ്‌ളാദിമിര്‍ പുതിന്‍. വെള്ളിയാഴ്ച അലാസ്‌കയില്‍ ട്രംപുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് കിം ജോങ് ഉന്നുമായുള്ള സൗഹൃദം റഷ്യന്‍ പ്രസിഡന്റ് ഊട്ടിയുറപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനെതിരായ യുദ്ധത്തില്‍ ഉത്തരകൊറിയ തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ക്ക് പുതിന്‍ നന്ദി അറിയിച്ചു. ഇതിനുപുറമേ അലാസ്‌കയില്‍ ട്രംപുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങളും കിം ജോങ് ഉന്നുമായി പങ്കുവെച്ചു. കഴിഞ്ഞദിവസം നടന്ന ആശയവിനിമയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചതായും ക്രെംലിന്‍ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഉത്തരകൊറിയ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ട്രംപുമായുള്ള ചര്‍ച്ചയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി 10,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചിരുന്നത്. ഇതില്‍ നിരവധിപേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനികരെ അയച്ചതിന് പുറമേ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഉത്തരകൊറിയ റഷ്യയ്ക്ക് നല്‍കിയിരുന്നു.
Putin communicates with Kim Jong Un ahead of meeting with Trump