ഔറംഗാബാദ്: ‘വോട്ട് ചോരി’ വിവാദത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മിഷന്‍ സത്യവാങ്മൂലം ചോദിക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോള്‍ അത് പരസ്യമായി ചെയ്യുന്നു എന്നേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ജയിച്ചു. നാലുമാസങ്ങള്‍ക്കുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സഖ്യം തൂത്തുവാരി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നാലുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍ ഒരു കോടി വോട്ടര്‍മാരെ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ വോട്ടര്‍മാര്‍ വന്നിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. ഞങ്ങളുടെ വോട്ടുകള്‍ കുറഞ്ഞതുമില്ല. അതോടെയാണ് സംശയമായതെന്നും രാഹുല്‍ പറഞ്ഞു.
ഈ ഒരു കോടി വോട്ടര്‍മാര്‍ എവിടെനിന്ന് വന്നു, ആരാണവര്‍ എന്ന കാര്യം വിശദീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിങ്ങളോടത് വിശദീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അപ്പോള്‍ സിസിടിവി സ്ഥാപിച്ച കാര്യം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന ഏത് പാര്‍ട്ടിക്കും നല്‍കണമെന്നാണ് നിയമം. എന്നാല്‍ സിസിടിവി നല്‍കില്ലെന്നാണ് അവര്‍ പറയുന്നത്. പിന്നീട് ഇലക്ട്രോണിക് വോട്ടര്‍പട്ടിക ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ല. കമ്മിഷനും ബിജെപിയും ചേര്‍ന്ന് ബെംഗളൂരു സെന്‍ട്രലില്‍ മോഷണം നടത്തിയിട്ടുണ്ടെന്നുറപ്പുള്ളതുകൊണ്ടാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഞാന്‍ പറയുന്ന അതേ കാര്യം അനുരാഗ് താക്കൂര്‍ പറയുമ്പോള്‍, അദ്ദേഹത്തോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യ സഖ്യം ബിഹാറില്‍ വോട്ട് മോഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. മരിച്ചവരോടൊപ്പം ചായ കുടിക്കുന്ന എന്റെ വീഡിയോ നിങ്ങള്‍ കണ്ടോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജീവിച്ചിരിക്കുന്നവരെ കൊന്നു. അവരുടെ പേര് വെട്ടിമാറ്റി. എന്തിനാണ് അവരുടെ പേരുകള്‍ വെട്ടിമാറ്റിയതെന്ന് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള ഉത്തരവ് വന്നുവെന്ന് മറുപടി ലഭിച്ചു. മോദിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഉത്തരവുകള്‍ വഴി ബിഹാറിലെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. അദാനിയെയും അംബാനിയെയും സഹായിക്കാന്‍ 65 ലക്ഷം ആളുകളുടെ വോട്ടുകള്‍ വെട്ടിമാറ്റി. അവര്‍ നിങ്ങളുടെ പണമെല്ലാം മോഷ്ടിക്കും. പാവപ്പെട്ടവരുടെ കൈയിലെ അവസാനത്തെ കാര്യമായ വോട്ടും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് അവരെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Rahul Gandhi opposes Election Commission’s request to file affidavit