പട്‌ന: വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ നീക്കം ചെയ്യുന്നതിലൂടെ ‘വോട്ട് മോഷണം’ നടത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ, രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അവകാശ യാത്ര’ (voter adhikar yatra) ബിഹാറിൽ ആരംഭിക്കുകയാണ്. 16 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്ര ബിഹാറിലെ 20ൽ അധികം ജില്ലകളിലൂടെ സഞ്ചരിച്ച് 1300 കിലോമീറ്ററിലധികം ദൂരം പിന്നിടും. വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും ജനാധിപത്യ അവകാശ സംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റമായാണ് യാത്രയെ വിലയിരുത്തുന്നത്.
സസാരത്ത് നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. സെപ്റ്റംബർ ഒന്നിന് പട്‌നയിൽ നടക്കുന്ന മഹാറാലിയോടെ യാത്രയ്ക്ക് സമാപനമാകും. യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, വിവിധ ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന അടിസ്ഥാന ജനാധിപത്യ അവകാശത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഭരണഘടനയെ സംരക്ഷിക്കാൻ ബിഹാറിന്റെ ജനങ്ങളോടൊപ്പം അണിചേരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇവരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കാരണങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ യാത്ര.
അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളെത്തുടർന്ന്, ബി.ജെ.പിക്ക് എതിരായ ‘വോട്ട് കൊള്ള’ക്കെതിരെയുള്ള പ്രചാരണത്തിന് രാഹുൽ ഗാന്ധി പുതിയ വിഡിയോ പങ്കുവെച്ച് ഊന്നൽ നൽകി. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ‘ലാപതാ വോട്ട്’ എന്ന പേരിലുള്ള വിഡിയോയാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘മോഷണം ഇനി വേണ്ട, ജനം ഉണർന്നു’ എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. ‘വോട്ടര്‍ പട്ടികയിലെ പിശക് പാര്‍ട്ടികള്‍ ശരിയായ സമയത്ത് ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്നു’ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
‘ഈയിടെയായി, ചില രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും, മുന്‍കാലങ്ങളില്‍ തയ്യാറാക്കിയവ ഉള്‍പ്പെടെയുള്ള വോട്ടര്‍ പട്ടികയിലെ പിശകുകളെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഉചിതമായ സമയം, ആ ഘട്ടത്തിലെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന കാലയളവായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവെക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനാണ്. ഈ പ്രശ്‌നങ്ങള്‍ ശരിയായ സമയത്ത്, ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, ബന്ധപ്പെട്ട എസ്ഡിഎം ഇആര്‍ഒ-മാര്‍ക്ക് ആ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുതന്നെ, തെറ്റുകള്‍ ശരിയാണെങ്കില്‍ അവ തിരുത്താന്‍ കഴിയുമായിരുന്നു’ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കമ്മിഷന്‍ പ്രസ്താവനയായി ഇറക്കിയിരിക്കുന്നത്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയും ആക്ഷേപം ഉന്നയിച്ചിരുന്നത്.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിന്റെ ഡിജിറ്റലായും അല്ലാതെയുമുള്ള പകര്‍പ്പുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവെക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിന് വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മാസത്തെ സമയം അനുവദിക്കാറുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.
ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും വോട്ടര്‍ പട്ടികകള്‍ സമയബന്ധിതമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പിഴവുകളൊന്നും ചൂണ്ടിക്കാണിച്ചില്ലെന്നും കമ്മിഷന്‍ പരാമര്‍ശിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും ഏതൊരു വോട്ടറും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാഗതം ചെയ്യുന്നു. പിഴവുകള്‍ തിരുത്താനും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനും ഇത് എസ്ഡിഎം/ഇആര്‍ഒമാരെ സഹായിക്കും. ഇത് തന്നെയാണ് എക്കാലവും ലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Rahul Gandhi’s 16-day ‘Voting Rights Yatra’ to begin on Sunday