രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഗ്നിശുദ്ധി വരുത്തണം

രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഗ്നിശുദ്ധി വരുത്തണം

ഒരു യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മറ്റൊരു യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തുകും ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, പാര്‍ട്ടിയും പ്രവര്‍ത്തകരും കൈയ്യൊഴിഞ്ഞ് ഒറ്റപ്പെട്ടിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എം.എം ഹസന്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുല്‍ രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടിലാണ്. ഉമാ തോമസ് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ വനിതാ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ രാഹുലിന് മേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്. തന്നെ റേപ്പ് ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടുവെന്ന അവന്തികയെന്ന ട്രാന്‍സ് വുമണിന്റെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ അത് ഈ യുവ നേതാവിന്റെ ലൈഗിക വൈകൃത സ്വഭാവത്തിന് അടിവരയിടുന്നു.

ഒന്‍പതോളം സ്ത്രീകളാണ് രാഹുലിന്റെ സ്വഭാവ ദൂഷ്യത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തു വന്നിട്ടുള്ളത്. ഇതില്‍ ഒരു കോണ്‍ഗ്രസ് എം.പിയുടെ മകളും ഉണ്ട്. രാഹുലിന്റെ ഇത്തരം നടപടികളില്‍ സഹികെട്ട് എറണാകുളത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വനിതകള്‍ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ മതിയാക്കിയെന്ന റിപ്പോര്‍ട്ടുകളും സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും രാഹുലിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നിലവില്‍ പോലീസ് കേസ് ഇല്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ വരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ അടിയന്തിരമായി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

സമൂഹത്തെ നേരിടാന്‍ ഭയമുള്ളതിനാല്‍, അമേരിക്കയിലേതുള്‍പ്പെടെ നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികളെല്ലാം റദ്ദാക്കി അടൂരിലെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ന്യായീകരിക്കാന്‍ നേരമില്ലാത്തതിനാല്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. രാജിക്കാര്യത്തില്‍ നേതൃത്വത്തിന്റെ സമ്മതമില്ലെന്ന് വരുത്തിക്കീര്‍ക്കാനായിരുന്നു ഈ ധാര്‍മികത ഉയര്‍ത്തിയത്. എന്നാല്‍ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകളില്‍ നിന്ന് രാഹുലിന്റെ ധാര്‍മികത എന്താണെന്ന് വ്യക്തമാണ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യമായി എം.എല്‍.എ ആയ രാഹുലിന്റെ രാഷ്ട്രീയ വളര്‍ച്ച റോക്കറ്റ് വേഗത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും യുവജന രംഗത്തും തിളങ്ങിയ രാഹുലിന്റെ ശോഭനമായ ഭാവി ഇതോടെ ഉരുളടഞ്ഞിരിക്കുന്നു. ഒറ്റവാക്കില്‍ ഈ ദുര്യോഗത്തെ ‘സ്വയംകൃതാനര്‍ത്ഥം’ എന്നേ വിശേഷിപ്പിക്കാനാവൂ. ഒരു സ്ത്രീയല്ല, ഒരുപാട് പേര്‍ തുടര്‍ച്ചയായി ആക്ഷേപമുന്നയിച്ചതോടെ രാഹുലിന്റെ പിടിച്ചു നില്‍ക്കാനുള്ള അടവുകളെല്ലാം പാഴാവുകയായിരുന്നു. ഇനി എം.എല്‍.എ സ്ഥാനത്തുനിന്നുള്ള അനിവാര്യമായ രാജി കൂടിയാവുമ്പോള്‍, ഭാവിയില്‍ ഉന്നതങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു യുവ നേതാവിന്റെ ധാര്‍മിക അധപ്പപതനം പൂര്‍ണമാകും.

പൊരു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സംശുദ്ധമായ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നവരാവണം. കാരണം അവര്‍ സമൂഹത്തിനുവേണ്ടി സേവനം ചെയ്യുന്ന റോള്‍ മോഡലുകളാണെന്നാണ് നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. അധികാരവും അതുവഴി ലഭിക്കുന്ന പണവും സ്വാധീന ശക്തിയും ഏതൊരു മനുഷ്യനെയും പ്രലോഭനങ്ങളില്‍ വീഴ്ത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനെ തരണം ചെയ്യാനുള്ള മാനസികമായ കരുത്തും സദാചാരബോധവുമാണ് ഒരു വ്യക്തിയെ ജനസമ്മിതിയുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാക്കുന്നത്. കൊട്ടാര സദൃശമായ വീടും ആഡംബര ജീവിതവും റാന്‍ മൂളാന്‍ പരിചാരകവൃന്ദവും ഒക്കെയുണ്ടെങ്കിലും പെണ്ണുകേസിലകപ്പെട്ടാല്‍ ഒരു പേരു വീഴും. ആ കളങ്കം ഏത്ര തേച്ചാലും മായ്ച്ചാലും ഒരു കറുത്ത പാടായി അവശേഷിക്കുമെന്നുള്ളതാണ് കാലത്തിന്റെ കാവ്യ നീതി.

Rahul Mamkootathil finds himself isolated as party leadership thinks about his resignation

Share Email
Top