പാർട്ടിയെ കുഴക്കി നാണംകെട്ട വീഴ്ച,​ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും നഷ്ടമാവാൻ സാധ്യത

പാർട്ടിയെ കുഴക്കി നാണംകെട്ട വീഴ്ച,​ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും നഷ്ടമാവാൻ സാധ്യത

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് നിലവിൽ കോൺഗ്രസിൻ്റെ തീരുമാനം. എന്നാൽ, സ്ഥിതി വഷളാകാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാർട്ടി പരിഗണിച്ചേക്കാം. രാഹുലിൻ്റേതായി പുറത്തുവരുന്ന കൂടുതൽ കൂടുതൽ സംഭാഷണങ്ങളും ചാറ്റുകളും പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള പല നേതാക്കളും ഈ വിഷയത്തിൽ കടുത്ത രോഷത്തിലാണ്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന കേസുകളിൽ രാഷ്ട്രീയ സംരക്ഷണം നൽകുന്നത് പുതിയ സാഹചര്യത്തിൽ യോജിച്ചതല്ലെന്ന നിലപാടിലാണ് വി.ഡി. സതീശൻ. സിപിഎമ്മും ബിജെപിയും ഉയർത്തുന്ന സാമൂഹിക-രാഷ്ട്രീയ സമ്മർദങ്ങളുടെ തോതനുസരിച്ചായിരിക്കും കോൺഗ്രസിന്റെ തുടർനടപടികൾ. ഇത് രാഹുലിന്റെ എംഎൽഎ സ്ഥാനത്തിന്റെ ഭാവിയെയും ബാധിച്ചേക്കാം.

രാഹുലിന് രാഷ്ട്രീയ സംരക്ഷണം നൽകുന്നതിലുള്ള നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ ശക്തമല്ല. ഈ വിഷയത്തിൽ എന്ത് തീരുമാനവും ഹൈക്കമാൻഡിന് എടുക്കാമെന്നാണ് സംസ്ഥാന നേതാക്കൾ അറിയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ ‘ശുദ്ധീകരണം’ നടത്താനുള്ള ഉത്തരവാദിത്വം രാഹുലിന് മാത്രമായി ചുരുക്കിയിരിക്കുകയാണ് നേതൃത്വം. പാർട്ടിയിൽ നിന്ന് പിന്തുണയുണ്ടാകില്ലെന്ന് രാഹുലിനെ അറിയിച്ചിട്ടുണ്ട്.

രാജിക്ക് സമ്മർദം ശക്തമാക്കി എൽഡിഎഫും ബിജെപിയും

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി എൽഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജിക്കായി കോൺഗ്രസിന് മേൽ സമ്മർദം ചെലുത്താനുള്ള പ്രചാരണങ്ങളാണ് സിപിഎം നടത്തുന്നത്. ബിജെപി ആകട്ടെ രാജി ആവശ്യം പരസ്യമായി ഉന്നയിച്ചുകൊണ്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇടത്-ബിജെപി സൈബർ ഹാൻഡിലുകൾ സൈബറിടങ്ങളിൽ രാഹുലിനെ പിന്തുണയ്ക്കുന്നവരെ നേരിട്ടാണ് രാജിക്ക് വേണ്ടിയുള്ള സമ്മർദം വർധിപ്പിക്കുന്നത്.

കോൺഗ്രസിന്റെ പിടിവള്ളി: മുൻകാല സംഭവങ്ങൾ

അതേസമയം, സിപിഎം എംഎൽഎമാർക്കെതിരേയും മുൻപ് സ്ത്രീ അതിക്രമ പരാതികൾ ഉണ്ടായിട്ടുണ്ടെന്നും, അപ്പോൾ അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. നടൻ എം. മുകേഷിനെതിരേ സമാന ആരോപണം ഉയർന്നപ്പോൾ, നിരപരാധിത്വം തെളിയിക്കുമ്പോൾ പദവി തിരികെ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് രാജിയിൽ നിന്ന് ഒഴിവായതെന്ന് സിപിഎം വിശദീകരിച്ചിരുന്നു. ഈ വാദം രാഹുലിന്റെ കാര്യത്തിലും ബാധകമാകും എന്നതിനാലാണ് സിപിഎമ്മിന് രാജി ആവശ്യം ശക്തമായി ഉന്നയിക്കുന്നതിന് തടസ്സമാകുന്നത്. എന്നാൽ, രാഹുലിനെതിരേ ആരോപണങ്ങൾ മാത്രമല്ല, തെളിവുകളുമുണ്ട് എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. കോൺഗ്രസിനുണ്ടാകുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി ബിജെപിക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. യുവനടിയുടെ വെളിപ്പെടുത്തൽ വന്നതിന് തൊട്ടുപിന്നാലെ തന്നെ ബിജെപി പാലക്കാട്ട് പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.

Shameful lapse that has embarrassed the party, Rahul Mangkootatil may also lose his MLA seat

Share Email
Top