രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യം; കോൺഗ്രസിൽ അതൃപ്തി പുകയുന്നു

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യം; കോൺഗ്രസിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ലൈംഗികാപവാദത്തിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. പാർട്ടി നേതൃത്വത്തിന്റ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും എംഎൽഎ സ്ഥാനം കൂടി രാജിവെച്ച് ആരോപണങ്ങളിൽ നിന്ന് ഒഴിയണമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

ഈ വിഷയത്തിൽ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാവുകയും നാണക്കേടിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്നാണ് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അടിമുടി പ്രതിരോധത്തിലായ പാർട്ടിയെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ എംഎൽഎ സ്ഥാനം രാജിവെക്കുക എന്നതുമാത്രമാണ് ഏക പോംവഴിയെന്നാണ് പ്രമുഖ നേതാക്കളുടെ വാദം.

ഈ സാഹചര്യത്തിൽ, രാഹുലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഈ കാലയളവിൽ രാഹുലിനെതിരായ ആരോപണങ്ങൾ അച്ചടക്ക സമിതി അന്വേഷിക്കും. അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് ആവശ്യമെങ്കിൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ രാഹുലിന് സ്വന്തമായി തീരുമാനമെടുക്കാൻ അവസരം നൽകാനും ധാരണയായിട്ടുണ്ട്.

തുടരെ പുറത്തുവന്ന തെളിവുകളാണ് രാഹുലിന് കുരുക്കായത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, വിവാഹവാഗ്ദാനം നൽകി വഞ്ചിക്കൽ, ഗർഭച്ഛിദ്രം നടത്താൻ യുവതിയെ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, കൈയൊഴിയൽ തുടങ്ങിയ ആരോപണങ്ങൾ ഇന്നലെവരെ തിളങ്ങിനിന്ന രാഹുലിന്റെ പ്രതിച്ഛായയെ പാടെ തകർത്തിരിക്കുകയാണ്. ഇനിയൊരു തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ പോലും സാധിക്കാത്ത വിധം രാഹുലിന് പ്രതിച്ഛായ നഷ്ടമായി. ഇത് രാഹുലിന് മാത്രമല്ല കോൺഗ്രസിനും വലിയ തിരിച്ചടിയാണ്.

അതിനിടെ, ലൈംഗികാതിക്രമണ ആരോപണങ്ങളിൽ ആദ്യ കേസെടുത്ത് വനിതാ കമ്മീഷൻ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗർഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എൽ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടിയെന്നും സതീദേവി വിവരിച്ചു. രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. തെളിവുകൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാവുമെന്നു കമ്മീഷൻ അധ്യക്ഷ പി സതീദേവി വിവരിച്ചു.

വി.ഡി. സതീശൻ കടുത്ത നിലപാടിൽ

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന കർശന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും ഉൾപ്പെടെയുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് രാഹുലിനെ പിന്തുണയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിഭാഗം പേരും. പാർട്ടിയുടെ വനിതാ നേതാക്കൾ പോലും രാഹുലിനെ പിന്തുണയ്ക്കാൻ തയ്യാറല്ല.

യൂത്ത് കോൺഗ്രസിനുള്ളിൽ രൂക്ഷവിമർശനം

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മെസ്സേജ് അയച്ചതിനെ തുടർന്ന് രണ്ട് വനിതാ കെ.എസ്.യു. പ്രവർത്തകർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചുപോയെന്ന് ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് വിവാദം കൂടുതൽ ആളിക്കത്തിയത്.

‘തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം നമുക്കില്ല, ന്യായീകരിക്കാൻ സമയവുമില്ല’ എന്നായിരുന്നു ആഷിക് കരോട്ടിലിന്റെ വിമർശനം. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളിൽ 70 ശതമാനം പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജും കുറ്റപ്പെടുത്തി. ‘ഇത്ര വൃത്തികെട്ട ഒരാളെ എന്തിനാണ് നമ്മൾ ചുമക്കുന്നത്?’ എന്ന ചോദ്യവും ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്.

രാജി ആവശ്യം ശക്തം, രാഹുൽ വഴങ്ങുന്നില്ല

വ്യാപകമായ ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീട്ടിൽ തുടരും. തൽക്കാലം പാലക്കാട്ടേക്ക് പോകില്ല.

പാലക്കാട്ടെ നേതാക്കളുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. രാഹുലിന്റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ ചില കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിൻറെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണന്റെ അഭിപ്രായം.

ഇതിനിടെ കോൺഗ്രസിൽ രാജി വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. തുറന്നെഴുത്തുകൾ, ശബ്ദസന്ദേശങ്ങൾ, സ്ക്രീൻഷോട്ടുകൾ, നേരിട്ടുള്ള വെളിപ്പെടുത്തലുകൾ എന്നിവയുൾപ്പെടെ നിരവധി തെളിവുകളും പരാതികളും രാഹുലിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഹുലിനൊപ്പം പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ഒരു വിഭാഗം രഹസ്യമായിട്ടെങ്കിലും രാജി ആവശ്യം ഉന്നയിക്കുന്നതായാണ് സൂചന.

സിപിഎം എംഎൽഎമാർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല എന്ന വാദമാണ് രാജിയെ എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. നടൻ എം. മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ധാർമികതയുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവെച്ചാൽ നിരപരാധിത്വം തെളിയിക്കപ്പെട്ടാൽ പോലും പദവി തിരികെ ലഭിക്കില്ലെന്ന സിപിഎമ്മിന്റെ മുൻ നിലപാട് രാഹുലിനും ബാധകമാകുമെന്നാണ് ഇവരുടെ വാദം. എന്നാൽ, ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് രാഹുലിനെതിരെ ഉള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷങ്ങളായ എൽഡിഎഫും ബിജെപിയും രാഹുലിന്റെ രാജിക്കായി സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ രാഹുലിനെ കൈവിട്ടതോടെയാണ് ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. വിശ്വസിച്ച് കൂടെ കൂട്ടിയ യുവനേതാവിൽ നിന്ന് തുടർച്ചയായി വെളിപ്പെടുത്തലുകൾ വന്നതിൽ സതീശൻ കടുത്ത അതൃപ്തിയിലാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യപടിയായിരുന്നെന്നും, കോൺഗ്രസ് ഒരു വ്യത്യസ്തമായ പാർട്ടിയാണെന്ന് തെളിയിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നു എന്ന വിമർശനം പാർട്ടിയിൽ ശക്തമായപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഈ നീക്കം.

Rahul Mangkootatil’s resignation is inevitable; Dissatisfaction is brewing in Congress

Share Email
Top