രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; സസ്പെൻഷൻ നീക്കം സജീവം; പാർലമെന്ററി പാർട്ടിയിൽനിന്നും രാഹുലിനെ ഒഴിവാക്കിയേക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; സസ്പെൻഷൻ നീക്കം സജീവം; പാർലമെന്ററി പാർട്ടിയിൽനിന്നും രാഹുലിനെ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. രാജി ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ നീക്കം സജീവമായി. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനാണ് നിലവിൽ ആലോചന. ഇതിനുപുറമേ പാർലമെന്ററി പാർട്ടിയിൽനിന്നും രാഹുലിനെ ഒഴിവാക്കിയേക്കും.

നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഈ തീരുമാനത്തിലെത്തിയത്. രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാണ് കോൺഗ്രസ് നിലപാട്. ഇതോടെ, നിയമസഭാ കാര്യങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് രാഹുലിന് പങ്കെടുക്കാൻ കഴിയില്ല. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാവും ഇനി രാഹുൽ പ്രവർത്തിക്കുക. അടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകുന്ന കാര്യത്തിൽ കേസിൻ്റെ ഭാവി നിർണായകമാകും.

രാജി ആവശ്യം ശക്തം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡിൻ്റെ നിലപാടും ഇതേത്തുടർന്ന് രാജിക്ക് അനുകൂലമായിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ.

മുസ്ലിം ലീഗും വിഷയത്തിൽ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം യു.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും കെ.സി. വേണുഗോപാലുമായി നേരിട്ട് സംസാരിച്ചു. അതേസമയം, തനിക്ക് പറയാനുള്ളത് കൂടി കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രാഹുലിന്റെ പ്രതികരണം

പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഉച്ചയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞാൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടി വരരുത്. പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു. പാർട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് ഞാൻ,” രാഹുൽ പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും, പാർട്ടിക്കുവേണ്ടി പ്രതിരോധിച്ചതുകൊണ്ടാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും രാഹുൽ പറഞ്ഞു. “എല്ലാ പ്രതിസന്ധിയിലും പാർട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും പ്രവർത്തിച്ച ആളെന്ന നിലയിലാണ് എനിക്കെതിരെ ഈ ആക്രമണം ഉണ്ടാകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയും രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കിയിരുന്നു.

Rahul Manhoottathil will not resign as MLA; Suspension process is active; Rahul may be removed from the parliamentary party

Share Email
LATEST
Top