കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രേശഖറും ഇടത് എംപിമാരും. മൂന്നു ദിവസവം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിൽ നിന്നെത്തിച്ച വിശ്വദീപ് കോൺവെന്റിൽ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷത്തിനെതിരെ സംസാരിച്ചത്.
എന്നാൽ ആരാണ് രാഷ്ട്രീയ നാടകം നടത്തിയത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു രാജീവ് ചന്ദ്രശേഖർ ഉത്തരം നൽകിയില്ല. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ മടങ്ങി. ഇതിനെതിരെ ഇടത് എംപിമാർ പ്രതികരിച്ചു. അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ആയിരുന്നു തൊട്ടുപിന്നാലെ കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയ ഇടതുപക്ഷ എംപിമാരുടെ ആരോപണം.
അൽപം ഉളുപ്പുണ്ടെങ്കിൽ ബിജെപി നേതാക്കൾ ജയിൽ മോചിതരായ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനു ബിജെപി മാപ്പു പറയണം. സഭ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഹായം ആവശ്യപ്പെട്ടു. കേരളം ബിജെപിയ്ക്കു മാപ്പു നൽകില്ല. രാജീവ് ചന്ദ്രേശഖർ വൃത്തികെട്ട നാടകം കളിക്കരുത്. ജോർജ് കുര്യനും സുരേഷ് ഗോപിയും ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹരല്ലെന്നും ഇടത് എംപിമാർ പറഞ്ഞു.
Rajiv Chandrashekhar on nuns arrest and bail