കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ റാപ്പർ വേടൻ ഒളിവിൽ തുടരുന്നു. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതോടെ വിമാനത്താവളം വഴിയടക്കം യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം വേടനെ കസ്റ്റഡിയിലെടുക്കാനാകും.
ബലാത്സംഗ കേസിനു പിന്നാലെ ഒളിവിൽ പോയ വേടൻ, മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് ചുമതല.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പലതവണകളായി വേടൻ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറഞ്ഞിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് വേടനുമായി സൗഹൃദത്തിലായത്. സൗഹൃദം അടുത്തതോടെ കോഴിക്കോടുളള തന്റെ ഫ്ളാറ്റിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ ബലാത്സംഗം ചെയ്തു. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്‌ദാനത്തിൽ നിന്ന് വേടൻ പിൻമാറി. 2023ഓടെ വേടൻ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.
വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളർത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പറഞ്ഞിരുന്നു. ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പറഞ്ഞിരുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിരുന്നു. പരാതിക്കാരിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.