കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച വരെ തുടരും. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.
വേടന് ജാമ്യം നൽകാതിരിക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ കോടതി പരാതിക്കാരിയോട് ആവശ്യപ്പെട്ടു. വേടനെ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്നുണ്ടെന്നും, ജാമ്യം നൽകിയാൽ സമൂഹത്തിൽ അത് സ്വാധീനമുണ്ടാക്കുമെന്നും, നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റുകൾ കോടതിക്ക് മുന്നിൽ പറയേണ്ടതില്ലെന്നും, പരാതിക്കാരിയുടെ മൊഴിയാണ് കോടതിക്ക് ആവശ്യമെന്നും ജഡ്ജി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റുകൾ കോടതികൾ പരിഗണിക്കാറുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ ഏത് കോടതി, ഏത് പോസ്റ്റ് എന്ന് ചോദിച്ച് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി വെക്കുകയായിരുന്നു.