ഡൽഹി: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന്റെയടക്കം ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2024 ഡിസംബർ 13 നാണ് ഹൈക്കോടതി ദർശനും പവിത്ര ഗൗഡയ്ക്കും കൂട്ടുപ്രതികളായ അനു കുമാര്‍, ലക്ഷ്മണ്‍, നാഗരാജു, ജഗദീഷ്, പ്രസാദ് റാവു എന്നിവർക്കും ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ആറുമാസങ്ങൾക്കു ശേഷമാണ് ദർശന് ജാമ്യം ലഭിച്ചത്.
രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024 ജൂൺ 11 നാണ് ദർശൻ അറസ്റ്റിലായത്. കൊലപാതകത്തിന് കൂട്ടുനിന്ന ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ അടുത്ത സുഹൃത്തും നടിയുമായ നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്.
ദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂൺ ഒൻപതിന് അഴുക്കുചാലിൽനിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.