ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ 25 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയുമായുള്ള പ്രതിരോധപങ്കാളിത്തം ശക്തിപ്പെടുത്താന്‍ റഷ്യ. അമേരിക്ക മുന്നോട്ടുവച്ച എഫ്-35 യുദ്ധവിമാന വാഗ്ദാനം ഇന്ത്യ പൂര്‍ണമായും നിരസിച്ചതിന് പിന്നാലെ എസ് യു- 57 ഇ അഞ്ചാം തലമുറ നിരീക്ഷണ യുദ്ധവിമാന വാഗ്ദാനം ഇന്ത്യക്കായി റഷ്യ കൂടുതല്‍ ഉദാരമാക്കി. എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഡ്രോണ്‍ സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന ഇന്ത്യ റഷ്യന്‍ വാഗ്ദാനത്തെക്കുറിച്ച് അന്തിമതീരുമാനം പറഞ്ഞിട്ടില്ല. എങ്കിലും റഷ്യന്‍ വാഗ്ദാനം ഇന്ത്യ തള്ളാനിടയില്ല.
ഭാവിയില്‍ ഇന്ത്യക്ക് തദ്ദേശീയമായിത്തന്നെ എസ് യു-57 യുദ്ധവിമാനം വികസിപ്പിക്കാവുന്ന തരത്തില്‍ സാങ്കേതികവിദ്യയുടെ പൂര്‍ണമായ കൈമാറ്റമാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ എസ് യു-30എംകെഐ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. എസ് യു-57ഇ വിമാനങ്ങള്‍ക്കായി റഷ്യ മുന്നോട്ടുവച്ച പുതിയ പാക്കേജനുസരിച്ച് 60 ശതമാനം വരെ തദ്ദേശീയസംയോജനം ഇന്ത്യക്ക് സാധ്യമാക്കാം.
അസ്ത്ര എയര്‍ ടു എയര്‍ മിസൈലുകള്‍, രുദ്രം ആന്റി റേഡിയേഷന്‍ മിസൈലുകള്‍, വിരുപാക്ഷ എഇഎസ്എ റഡാര്‍ എന്നിവ ഇത്തരത്തില്‍ ഇതിലേക്ക് സംയോജിപ്പിക്കാനാകും. ആദ്യഘട്ടമായി 20 മുതല്‍ 30 വരെ എസ് യു-57ഇ ജെറ്റുകള്‍ മൂന്ന് മുതല്‍ നാല് വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൈമാറാമെന്നും റഷ്യയുടെ വാഗ്ദാനത്തിലുണ്ട്.കൂടുതല്‍ തദ്ദേശീയ എയര്‍ക്രാഫ്റ്റുകള്‍ വികസിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരാനായി റഷ്യയുടെ എസ് യു-35എം മള്‍ട്ടിറോള്‍ എയര്‍ക്രാഫ്റ്റും ഇതോടൊപ്പം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Russia makes big offer to India amid US tariff war