റഷ്യൻ പ്രസിഡന്റ് പുതിൻ ഡിസംബറിൽ ഇന്ത്യയിലെത്തും; ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനം എന്ന് സന്ദേശം

റഷ്യൻ പ്രസിഡന്റ് പുതിൻ ഡിസംബറിൽ ഇന്ത്യയിലെത്തും; ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനം എന്ന് സന്ദേശം

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ കടുത്ത തീരുവയും ഉപരോധ ഭീഷണിയും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിൻ്റെ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.

ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുതിൻ നേരത്തെ സ്വീകരിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ ചൈനയിലെ ടിയാൻജിനിൽ വെച്ച് സെപ്റ്റംബർ ഒന്നിന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നിർണായക വിവരം പുറത്തുവരുന്നത്.

അതേസമയം, ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാനില്‍വെച്ചാണ് പ്രധാനമന്ത്രി മോദി ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞത്.

അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുകയും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിന്റെ സന്ദർശനത്തിന് അതീവ പ്രാധാന്യമുണ്ട്. റഷ്യയുമായുള്ള വ്യാപാരബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു.

മോസ്‌കോയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്നും യുഎസ് ആരോപിച്ചിരുന്നു. എന്നാൽ യുഎസിന്റെ നടപടി കാപട്യവും അനീതിയാണെന്നും, രാജ്യതാൽപ്പര്യത്തിന് പ്രഥമ പരിഗണന നൽകി വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെന്നും കേന്ദ്രസർക്കാർ വിമർശിച്ചിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളികളിൽ ഒന്നാണ് റഷ്യ. നിലവിൽ ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ്. സാമ്പത്തികം, ഊർജ്ജം, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ സംബന്ധിച്ച് പുതിന്റെ സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയുമായുള്ള ശക്തമായ ബന്ധം നിര്‍ണായകമാണെന്നും അത് പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും നല്ല സ്വാധീനം ചെലുത്തുമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരത കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ജപ്പാനില്‍ പറഞ്ഞു.

ജപ്പാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് തിരിക്കും. റഷ്യ, ഇറാന്‍, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെകിസ്താന്‍, ബെലാറുസ് എന്നിവരും ഉള്‍പ്പെടുന്ന ഒരു പ്രാദേശിക കൂട്ടായ്മയാണിത്.

‘ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം, എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇവിടെ നിന്ന് ടിയാന്‍ജിനിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം കസാനില്‍ (റഷ്യയില്‍, മുന്‍ എസ്.സി.ഒ യോഗത്തിനിടെ) പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ സ്ഥിരവും ക്രിയാത്മകവുമായ പുരോഗതി ഉണ്ടായിട്ടുണ്ട്’ മോദി ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.

Russian President Putin to visit India in December; It is important for India, China and Russia to work together India China and Russia

Share Email
LATEST
Top