ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് നിലപാടിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓഗസ്റ്റ് 20,21 തീയതികളിലാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്. വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ജയശങ്കർ റഷ്യ സന്ദർശിക്കുന്നത്.
യുഎസിൻ്റെ ആവർത്തിച്ചുള്ള സമ്മർദ്ദം ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിന്റെ റഷ്യ സന്ദർശനം. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിന്റെ പ്രതികാര നടപടിയായി യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്ദർശനം.
തീരുവ വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഫോണിൽ സംസാരിച്ചിരുന്നു. തീരുവ വർദ്ധിപ്പിച്ചതിനെ കുറിച്ചും ഒപ്പം യുക്രെയിൻ- റഷ്യ സംഘർഷങ്ങളുടെ നിലവിലെ സാഹചര്യത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തിരുന്നു. ദേശതാത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യ എന്നും നിൽക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
യുഎസ് തീരുവ വർദ്ധിപ്പിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
S Jaishankar to Russia: Visit follows US tariff stance