ഡൽഹി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ വിവാദം കത്തുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനും മുകളിലായി വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ രീതിയിൽ ഡിസൈൻ ചെയ്ത പോസ്റ്ററാണ് വിമർശനത്തിന് കാരണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ഈ പോസ്റ്ററിൽ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവർക്കർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സവർക്കറുടെ ചിത്രം ഏറ്റവും മുകളിൽ സ്ഥാപിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ നടപടിയെ ശക്തമായി വിമർശിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ മുഴുവൻ അപമാനിക്കുന്ന പ്രവൃത്തിയാണ് മന്ത്രാലയം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. “ആരാണ് സവർക്കർ?” എന്ന ചോദ്യം ഉയർത്തിയ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. മന്ത്രാലയം ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിലുള്ള പെട്രോളിയം മന്ത്രാലയത്തിൽ തൃശൂർ എം പി സുരേഷ് ഗോപി സഹമന്ത്രിയാണ്.