ബഹിരാകാശത്തെന്ന പോലെ രഹസ്യങ്ങള്‍ ഏറെയുണ്ട് ഭൂമിയിലെ സമുദ്രങ്ങള്‍ക്കടിയില്‍. ഭൂമിയില്‍ തന്നെ ആയിരുന്നിട്ടും ബഹിരാകാശരംഗത്തെ പോലെ കാര്യമായ പഠനങ്ങള്‍ ഈ രഹസ്യങ്ങള്‍ തേടി ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇപ്പോഴിതാ കടലിനടിയില്‍ ആരുമറിയാതെ ഇത്രയും കാലം മറഞ്ഞിരുന്ന 332 മലയിടുക്കുകള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
അന്തര്‍ദേശീയ തലത്തില്‍ നടന്ന 40 ല്‍ ഏറെ പര്യവേക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ശേഖരിച്ച ഉയര്‍ന്ന റസലൂഷനിലുള്ള ബാത്തിമെട്രിക് ഡാറ്റ ഉപയോഗിച്ചാണ് മറൈന്‍ ജിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ബാര്‍സലോണ സര്‍വകലാശാലയിലേയും കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജിലേയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം.
അമേരിക്കയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്‌കോ ലോകപൈതൃകകേന്ദ്രവുമായ ഗ്രാന്‍ഡ് കാന്യന്‍ ദേശീയോദ്യാനത്തിലെ മലയിടുക്കുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. 1900 മീറ്ററില്‍ താഴെ ആഴമുള്ളവയാണ് ഈ മലയിടുക്കുകള്‍. സമാനമായ 332 മലയിടുക്കുകളാണ് അന്റാര്‍ട്ടിക്കയിലെ കടലിനടയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതില്‍ ചില മലകള്‍ക്ക് 4000 മീറ്ററിലേറെ താഴ്ചയുണ്ട് എന്നതാണ് ശ്രദ്ധേയം. ഭൂഗണ്ഡങ്ങള്‍ക്കരികിലെ അവസാദങ്ങളും പോഷകങ്ങളും ജലവും ആഴക്കടലിലേക്ക് എത്തിക്കുന്നതില്‍ ഈ മലയിടുക്കുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അന്റാര്‍ട്ടിക്കയിലെ വിദൂര തീരദേശത്തുടനീളം ഒഴുകിനടക്കുന്ന വലിയ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് സോണാര്‍ ഡാറ്റ ശേഖരിക്കുന്നത് പ്രയാസകരമായതിനാലാണ് ഈ താഴ് വാരങ്ങള്‍ ഇക്കാലമത്രയും കണ്ടെത്താന്‍ സാധിക്കാതെ പോയത്.
കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ മലയിടുക്കുകളും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ മലയിടുക്കുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കിഴക്ക് ഭാഗത്തെ മലയിടുക്കുകള്‍ ശാഖോപശാഖകളോടു കൂടിയതും വിസ്തൃതിയുള്ളതുമാണ്. ഇവിടങ്ങളില്‍ ദീര്‍ഘകാല ചരിത്രത്തിലുടനീളം ഹിമപാളികള്‍ സ്ഥിരതയോടെ നിന്നിരുന്ന ഇടങ്ങളായിരിക്കണം. അതേസമയം, പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍, മലയിടുക്കുകള്‍ കൂടുതല്‍ ചെങ്കുത്തും നേര്‍രേഖയിലുള്ളതും ചെറുതുമാണ്, ഇവിടെ ഹിമാനീപ്രവര്‍ത്തനങ്ങള്‍ (glacial activity) ഇടയ്ക്കിടെ സംഭവിക്കാറുണ്ടെന്നും വ്യക്തമാക്കുന്നു.
മഞ്ഞിന്റെ ഒഴുക്കിന്റെ ചരിത്രം പഠിക്കാനും കാലാവസ്ഥയോട് മഞ്ഞ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് വുഡ്‌സ് ഹോള്‍ ഓഷ്യനോഗ്രഫിക് ഇന്‍സ്റ്റിറ്റിയൂഷനിലെ ഡോ. അലന്‍ കോണ്‍ഡ്രോണ്‍ പറഞ്ഞു.
അന്റാര്‍ട്ടിക്കയിലെ ജലത്തിന്റെ ഒഴുക്കിനെ ഈ മലയിടുക്കുകള്‍ സ്വാധീനിക്കുന്നുണ്ട്. സാന്ദ്രതയേറിയ ഉപ്പുവെള്ളം ഭൂഖണ്ഡത്തിനരികില്‍ നിന്ന് തെക്കന്‍ സമുദ്രത്തിനടിയിലേക്ക് ഒഴുകുന്നത് ഈ മലയിടുക്കുകളിലൂടെയാണ്. ജലത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ലോകത്തെ സമുദ്രങ്ങളിലൂടനീളം പോഷകങ്ങള്‍ എത്തുന്നതിനും ഇത് വഴിവെക്കുന്നു. അതേ സമയം ആഴക്കടലിലെ ചൂടൂള്ള ജലം ഈ മലയിടുക്കുകള്‍ക്ക് മുകളിലേക്ക് ഉയര്‍ന്ന് മഞ്ഞുപാളികള്‍ക്കടിയിലെത്തുകയും മഞ്ഞുരുകല്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. മഞ്ഞ് ഉരുകി സമുദ്ര നിരപ്പ് ഉയരുന്നത് പോലുള്ള പക്രിയകളെ കൂടുതല്‍ പഠിക്കാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
Scientists discover 332 hidden canyons under the sea