വാഷിങ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോര്‍ നിയമിതനാവുമ്പോള്‍ ചർച്ചയാകുന്നത് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായുള്ള ഏറ്റുമുട്ടലിന്റെ കഥകളാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തയാളായിരുന്ന മസ്ക് കഴിഞ്ഞ മെയിലാണ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങിയത്. അതും ട്രംപും മസ്കും തമ്മിലുള്ള വഴക്ക് മൂര്‍ധന്യത്തില്‍ എത്തിയ സാഹചര്യത്തിൽ. അന്ന് ഗോറിനെ പാമ്പ് എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. വിഷജീവി എന്ന അർഥത്തിലാണ് മസ്‌ക് ഈ പ്രയോഗം നടത്തിയത്.
ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രേഖകള്‍ പരിശോധിച്ചിട്ടും വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായ സെര്‍ജിയോ ഗോര്‍ സ്വന്തം രേഖകള്‍ പൂരിപ്പിച്ച് നല്‍കിയില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മസ്‌കിന്റെ പാമ്പ് വിശേഷണം. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളിക്കളയുകയും ഗോറിന്റെ ക്ലിയറന്‍സ് നിലവിലുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സുരക്ഷാ ക്ലിയറന്‍സിനു പുറമെ, ഉദ്യോഗസ്ഥ നിയമനങ്ങളിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. നിയമന രീതികളെച്ചൊല്ലി മന്ത്രിസഭാ യോഗങ്ങളില്‍ ഗോറിനെ മസ്‌ക് ശാസിച്ചിരുന്നു. മസ്‌കിന്റെ സുഹൃത്തായ ജാരെഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നത് റദ്ദാക്കിയതാണ് ഇരുവരും തമ്മിലുള്ള മറ്റൊരു തര്‍ക്കവിഷയം. ഐസക്മാന്‍ മുന്‍പ് ഡെമോക്രാറ്റുകള്‍ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള ഒരു ഫയല്‍ ഗോര്‍ പ്രസിഡന്റ് ട്രംപിന് സമര്‍പ്പിച്ചെന്നും ഇതാണ് നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മസ്‌കിനെ കൂടുതല്‍ പ്രകോപിപ്പിച്ചു.
ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് (DOGE) തലപ്പത്തുനിന്ന് മസ്‌ക് രാജിവെച്ചതിന്റെ പ്രധാന കാരണം ഗോറുമായുള്ള തര്‍ക്കമായിരുന്നു. നികുതിയും ചെലവും സംബന്ധിച്ച ബജറ്റ് ബില്ലില്‍ ട്രംപുമായുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു രാജി. ഈ ബില്‍ ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുമെന്നും ചെലവുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും മസ്‌ക് വാദിച്ചു.
ഏതാനും മാസങ്ങളായി വൈറ്റ് ഹൗസിലെ പേഴ്‌സണല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് സെര്‍ജിയോ ഗോര്‍. മുപ്പത്തെട്ടുകാരനായ ഗോര്‍ വൈറ്റ് ഹൗസിലെ ശക്തനായി മാറിയത് വളരെ പെട്ടെന്നാണ്. ട്രംപിനോടുള്ള കൂറ് ഉറപ്പാക്കാന്‍ ഏകദേശം 4,000-ത്തോളം സര്‍ക്കാര്‍ നിയമനങ്ങളില്‍ അദ്ദേഹം സൂക്ഷ്മപരിശോധന നടത്തി. ഇത് ഗോറിന് മിത്രങ്ങളെയും ശത്രുക്കളെയും ഒരുപോലെ നേടിക്കൊടുത്തു.
ഇത്രയധികം സ്വാധീനമുണ്ടായിട്ടും ഗോറിന് വിദേശനയത്തില്‍ കാര്യമായ പരിചയമില്ലെന്നതാണ് വസ്തുത. ട്രംപിന്റെ വിദേശയാത്രകളില്‍ പങ്കെടുത്തതും സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതും മാത്രമാണ് വിദേശകാര്യങ്ങളിലുള്ള ഗോറിന്റെ എടുത്തുപറയാവുന്ന പരിചയം. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഗോറിനെ ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്തിന്റെ അംബാസഡറായി നിയമിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാനില്‍ ജനിച്ച ഗോര്‍, കുട്ടിക്കാലത്ത് മാള്‍ട്ടയിലേക്ക് താമസം മാറുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തില്‍ ജീവിതം കെട്ടിപ്പടുത്ത അദ്ദേഹം, സെനറ്റര്‍ റാന്‍ഡ് പോളിനൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട് ട്രംപിന്റെ ഫണ്ട് ശേഖരിക്കുന്നയാളായും പുസ്തക പ്രസാധകനായും മാറി. ട്രംപ് ഭരണകൂടത്തിലെ ഒരു പ്രധാന വ്യക്തിയാകുന്നതിന് മുമ്പ് അദ്ദേഹം വെഡ്ഡിംഗ് ഡിജെ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാല്‍ബ്രെയ്ത്ത്, സാമൂഹിക ശാസ്ത്രജ്ഞനായ ഡാനിയല്‍ പാട്രിക് മോയ്‌നിഹാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെത്തിയ പ്രമുഖ യുഎസ് സ്ഥാനപതിമാരുടെ നിരയിലേക്ക് ഗോറും താമസിയാതെ എത്തും. പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്ത എറിക് ഗാര്‍സെറ്റി ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയറും ചെറുപ്പത്തില്‍ ഹിന്ദിയും ഉറുദുവും പഠിച്ചയാളുമായിരുന്നു. ഗാര്‍സെറ്റി ഈ വര്‍ഷം ജനുവരിയില്‍ വിരമിച്ചിരുന്നെങ്കിലും പകരം അംബാസഡറെ നിയമിച്ചിരുന്നില്ല. ഫോറിന്‍ അഫയേഴ്സ് ഓഫിസര്‍ ജോര്‍ഗന്‍ കെ. ആന്ഡ്രൂസിനായിരുന്നു താല്‍ക്കാലിക ചുമതല.
Sergio Gore’s battles with Musk are back in the spotlight as he becomes US ambassador to India